കഴിഞ്ഞ നാലു വർഷത്തെ താത്കാലിക നിയമനം; നിയമസഭാ ചോദ്യങ്ങൾക്കു മറുപടിയില്ല
Sunday, January 26, 2025 1:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ സർക്കാർ നടത്തിയ താത്കാലിക പിൻവാതിൽ നിയമനങ്ങളെക്കുറിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്കു മറുപടി നൽകാതെ സർക്കാർ.
വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷൻ, ബോർഡ്, കന്പനി, സ്വയംഭരണ സ്ഥാപനങ്ങൾ, ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ എംപ്ളോയ്മെന്റ് എക്സേഞ്ച് വഴിയല്ലാതെ നടത്തിയ കരാർ, താത്കാലിക നിയമനങ്ങളുടെ ഇനം തിരിച്ചുള്ള പട്ടിക വേണമെന്ന ചോദ്യത്തിനാണ് ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമല്ലെന്നു മറുപടി നൽകിയത്.
നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. താത്കാലിക, കരാർ ജീവനക്കാരിൽ എത്രപേരെ കഴിഞ്ഞ നാലു വർഷത്തിനിടെ സ്ഥിരപ്പെടുത്തിയെന്ന ചോദ്യത്തിനും മറുപടിയില്ല.
ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ പിഎസ്സി/എംപ്ളോയ്മെന്റ് എക്സേഞ്ച് വഴിയല്ലാതെ നടത്തിയ നിയമനങ്ങളുടെ വിവരം, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യത, അഭിമുഖത്തിന്റെ മാർക്ക് തുടങ്ങിയ വിശദാംശങ്ങൾക്കും മറുപടിയില്ല.
നാഷണൽ എംപ്ളോയ്മെന്റ് സർവീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ കേരളത്തിലെ താത്കാലിക ഒഴിവുകളിൽ മൂന്നിലൊന്നു മാത്രമാണ് എംപ്ളോയ്മെന്റെ എക്സേഞ്ച് വഴി നൽകുന്നത് എന്ന് കണ്ടെത്തിയിരുന്നു.
കേരളത്തിൽ പ്രതിവർഷം ഏതാണ്ട് 33,000 ഒഴിവുകളാണ് താത്കാലിക അടിസ്ഥാനത്തിൽ ഉണ്ടാവുന്നത്. ഇതിൽ 10,000 ത്തോളം ഒഴിവുകൾ മാത്രമാണ് എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നടത്തുന്നത്. ബാക്കി 22,000 ഒഴിവുകൾ വർഷാവർഷം പിൻവാതിൽ നിയമനം നൽകുകയാണ് സർക്കാർ.