വന്യമൃഗശല്യം: ജനങ്ങളുടെ വിശ്വാസമാർജിച്ച് പരിഹാരം കാണുമെന്ന് വനം മന്ത്രി
Saturday, January 25, 2025 2:17 AM IST
കോട്ടയം: വന്യമൃഗശല്യമുള്‍പ്പെടെ വനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ടുള്ള പരിഹാരങ്ങള്‍ക്കാണ് ശ്രമിക്കുന്നതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്.
വനംവികസന കോര്‍പറേഷ(കെഎഫ്ഡിസി)ന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍പുണ്ടായിരുന്ന പ്രവര്ത്തനരീതികളില്നിന്നു മാറി കെഎഫ്ഡിസി വൈവിധ്യവത്കരണത്തിന്റെ പാത സ്വീകരിക്കണം. ഇക്കോ ടൂറിസം അടക്കമുള്ള മേഖലകളില്‍ വനം വികസന കോര്‍പറേഷനു വലിയ പ്രവര്ത്തനസാധ്യതയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. കാരാപ്പുഴയിലെ കെഎഫ്ഡിസി മുഖ്യകാര്യാലയത്തില്‍ നടന്ന യോഗത്തില്‍ കോര്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.
ടൂറിസം ഗൈഡ് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രകാശനം ചെയ്തു. കോര്‍പറേഷന്റെ പുതുക്കിയ വെബ്സൈറ്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.