ഭരണഘടനാവകാശങ്ങൾ ഉറപ്പാക്കണം ; മുനന്പം നിവാസികളുടെ തുറന്ന കത്ത്
Saturday, January 25, 2025 2:18 AM IST
കൊച്ചി: വഖഫ് അവകാശവാദത്തെത്തുടർന്നു പ്രതിസന്ധിയിലായ മുനമ്പത്തെ ഭൂവുടമകളുടെ സമരം നൂറു ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽനിന്നുള്ള എംപിമാർക്കും പ്രദേശവാസികൾ തുറന്ന കത്തയയ്ക്കുന്നു.
1995ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വ അവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്തണമെന്ന ആവശ്യവുമായാണ് കത്ത് അയയ്ക്കുന്നത്.
2013ൽ ഭേദഗതി വരുത്തിയ 1995ലെ വഖഫ് നിയമം മൂലം മുനന്പം നിവാസികളെയും മറ്റിടങ്ങളിലെ പൗരന്മാരെയും ബാധിക്കുന്ന അതീവഗുരുതരമായ അനീതിയുടെ പ്രശ്നം പരിഹരിക്കുന്നതിന് രാഷ്ട്രീയപ്പാർട്ടികൾ പിന്തുണയ്ക്കണമെന്ന് കത്ത് ആവശ്യപ്പെടുന്നു.
മുനമ്പത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പിൻഗാമികൾ എന്ന നിലയിൽ, ക്രിസ്ത്യൻ, ഹൈന്ദവ വിശ്വാസങ്ങളിൽപ്പെട്ടവരുൾപ്പെടുന്ന 610 കുടുംബങ്ങളുടെ സ്വത്തുക്കൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി വഖഫ് ബോർഡ് അന്ധമായ അവകാശവാദം ഉന്നയിക്കുന്നത് ഇവിടത്തെ ജീവിതങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷമായി, തങ്ങളുടെ റവന്യൂ അവകാശങ്ങൾ തടയപ്പെട്ടിരിക്കുകയാണ്. ഇത് സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന് ഏല്പിച്ചിരിക്കുന്ന ആഘാതം ചെറുതല്ല.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങൾക്ക് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ തങ്ങൾക്കുള്ള അവകാശം അന്യമാകാൻ ഈ സാഹചര്യം ഇടയാക്കിയിരിക്കുന്നു. പൗരന്മാർ നിയമപരമായി സമ്പാദിച്ച സ്വത്തുക്കൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനു പോലും കഴിയുന്നില്ല.
വഖഫ് നിയമത്തിലെ പഴുതുകൾ മുതലെടുത്താണ് മുനമ്പത്തെ ഞങ്ങളുടെ ഭൂമി അന്യായമായി അവകാശപ്പെടാൻ വഖഫ് ബോർഡ് തയാറായത്. നിയമസാധുതയുടെ മറവിൽ, നിരപരാധികളായ പൗരന്മാരിൽനിന്ന് ഭൂമി പിടിച്ചെടുക്കാൻ കഴിയുന്ന വഖഫ് നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത തിരുത്തപ്പെടണം. വഖഫ് നിയമത്തിലെ 107-ാം സെക്ഷൻ വഖഫ് അവകാശവാദങ്ങൾക്ക് കാലപരിമിതി നിയമം ഒഴിവാക്കിക്കൊടുത്തു.
1989-1991 കാലഘട്ടത്തിൽ തങ്ങൾ നിയമപരമായി വാങ്ങിയ മുനമ്പം ഭൂമി പതിറ്റാണ്ടുകൾക്ക് ശേഷം വഖഫായി അവകാശവാദമുന്നയിക്കാൻ ബോർഡിനു കഴിയുന്നത് നാശകരമായ ഈ വകുപ്പ് മൂലമാണ്.
1995ലെ വഖഫ് നിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടനയുടെ ആമുഖത്തിൽ ഉറപ്പുനല്കിയിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ നിഷേധമാണ് വഖഫ് നിയമത്തിന്റെ നടപ്പാക്കലിലൂടെ മുനമ്പം നിവാസികൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
1995ലെ വഖഫ് നിയമത്തിലെ ഭേദഗതികളെ പിന്തുണയ്ക്കാൻ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിക്കുന്നു. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും ജാതിമതഭേദമെന്യേ ഏവർക്കും നീതി ലഭിക്കാനും വഖഫ് ആക്ടിലെ ക്രൂരമായ വ്യവസ്ഥകൾ നിർവീര്യമാക്കേണ്ടത് അത്യാവശ്യമാണെന്നും തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ കത്ത് പാർട്ടികൾക്കും കേരളത്തിലെ എംപിമാർക്കും റിപ്പബ്ലിക് ദിനത്തിലാണ് അയയ്ക്കുകയെന്ന് മുനന്പം ഭൂസംരക്ഷണ സമിതി നേതാക്കൾ അറിയിച്ചു.