അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശികൾകൂടി പിടിയിൽ
Saturday, January 25, 2025 2:17 AM IST
ആലുവ: ബംഗ്ലാദേശികൾ അനധികൃതമായി താമസിക്കുന്നതു കണ്ടെത്താനായി റൂറൽ ജില്ലയിൽ ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ പരിശോധനയിൽ മൂന്നു ബംഗ്ലാദേശികൾ കൂടി പിടിയിലായി.
എടത്തലയിൽനിന്നു ബംഗ്ലാദേശ് കുഷ്ടിയ ജില്ലയിൽ ഖജിഹട്ട സ്വദേശികളായ മുഹമ്മദ് ലിട്ടൻ അലി (30), മുഹമ്മദ് ബപ്പിഷോ (28) എന്നിവരും പെരുമ്പാവൂരിൽനിന്ന് മുഷ്ക്കുണ്ടി ഡോളാർ പട സ്വദേശി മുഹമ്മദ് അമീൻ ഉദ്ദീനെ(35)യുമാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഇതോടെ ഈ മാസം റൂറൽ ജില്ലയിൽ പോലീസ് പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം അഞ്ചായി. മുഹമ്മദ് അമീൻ ഉദ്ദീൻ എട്ടുവർഷമായി ഇന്ത്യയിലുണ്ട്. ലിട്ടൻ അലി ഇന്ത്യയിലെത്തിയിട്ട് രണ്ടു വർഷവും ബപ്പിഷോ എട്ടു മാസവുമായി.
ബംഗ്ലാദേശിൽനിന്ന് അതിർത്തി വഴി നുഴഞ്ഞു കയറി പശ്ചിമബംഗാളിലെത്തിയാണ് ഏജന്റ് വഴി ആധാർ, പാൻകാർഡുകൾ സ്വന്തമാക്കിയത്. അവിടെനിന്ന് മുംബൈയിലേക്കു തിരിച്ചു. കുറച്ചുനാൾ അവിടെ തങ്ങിയശേഷം ബംഗളൂരുവിലെത്തി രേഖകൾ അപ്ഡേറ്റ് ചെയ്തു. തുടർന്നാണ് കേരളത്തിലേക്കു വന്നത്.