പി. ശശിക്കും അജിത് കുമാറിനുമെതിരേ കേസെടുക്കണമെന്ന് ഹര്‍ജി; സമയം വേണമെന്ന് വിജിലന്‍സ്
Saturday, January 25, 2025 2:18 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്. അജിത് കുമാറിനുമെതിരേ വിജിലന്‍സ് കേസെടുക്കണമെന്ന പരാതിയില്‍ അന്വേഷണം നടന്നു വരികയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ ശേഖരിക്കുന്നു. മറ്റ് നിയമവശങ്ങള്‍കൂടി പരിശോധിക്കുന്നതിനായി വിശദമായ നിയമോപദേശം തേടേണ്ടതുണ്ട്. ഇതിനായി രണ്ടു മാസത്തെ സമയം ആവശ്യമാണെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സമയം ആവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്പി ഷിജു പാപ്പച്ചനാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 25ലേക്കു മാറ്റി.
സ്വര്‍ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന് നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്, സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സര്‍ക്കാര്‍ പി. ശശിയെ അന്വേഷണപരിധിയില്‍നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്.പി. സുജിത് ദാസിനുമെതിരേ നാമമാത്രമായ അന്വേഷണമാണ് പ്രഖ്യാപിച്ചത്.
വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയ്ക്ക് പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താല്‍ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരനായ പി. നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.