ടിക്കറ്റുമായെത്തിയിട്ടും വിമാനയാത്ര മുടങ്ങി; ഇൻഡിഗോക്കെതിരേ പരാതിയുമായി സ്വാമി ധർമ ചൈതന്യ
Sunday, January 26, 2025 1:16 AM IST
നെടുമ്പാശേരി: യാത്രാ ടിക്കറ്റുമായെത്തിയ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയെ ഇൻഡിഗോ വിമാനക്കമ്പനി അധികൃതർ വഞ്ചിച്ചതായി പരാതി.
ശനിയാഴ്ച ഉച്ചയ്ക്ക് 12.25ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട് 2.50ന് അഹമ്മദാബാദിലെത്തുന്ന 6 ഇ 6392 ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര ചെ യ്യേണ്ടിയിരുന്നത്.
കൺഫേം ചെയ്ത ടിക്കറ്റുമായി സ്വാമി 10.30ഓടെ വിമാനത്താവളത്തിലെത്തി. തുടർന്ന് ചെക്ക് ഇൻ ചെയ്തപ്പോൾ ഇതേ വിമാനത്തിൽ സീറ്റൊഴിവില്ലെന്ന് അറിയിക്കുകയായിരുന്നു. കൺഫം ടിക്കറ്റുമായി നിശ്ചിത സമയത്ത് എത്തിയിട്ടും ടിക്കറ്റ് സീറ്റ് ഇല്ലെന്നു പറഞ്ഞത് വഞ്ചനയാണെന്നാണ് സ്വാമി പറയുന്നത്.
ഇതിനെതിരേ സ്വാമി പ്രതിഷേധം ഉയർത്തിയപ്പോൾ 1.30ന് പുറപ്പെട്ട മുംബൈ വഴി 7.45ന് അഹമ്മദാബാദിലെത്തുന്ന ഇൻഡിഗോയുടെ മറ്റൊരു ടിക്കറ്റ് തരപ്പെടുത്തി നൽകുകയായിരുന്നു. വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മക്കും സമയനഷ്ടത്തിനും ബുദ്ധിമുട്ടിച്ചതിനും എതിരേ ബന്ധപ്പെട്ടവർക്കു പരാതി നൽകുമെന്നു സ്വാമി ധർമ ചൈതന്യ അറിയിച്ചു.