കാട്ടാന ആക്രമണം; കർഷകനു പരിക്ക്
Sunday, January 26, 2025 1:16 AM IST
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകനു പരിക്കേറ്റു. കഞ്ചിക്കോട് ചുള്ളിമട വാധ്യാര്‍ചള്ളയില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെ വിജയന്(41) എന്ന കര്ഷകനെയാണു കാട്ടാന ആക്രമിച്ചത്.
വീടിനോടു ചേര്‍ന്നുള്ള തന്റെ കൃഷിയിടത്തില്‍ ആനകളിറങ്ങിയതു നോക്കാന്‍ പിതാവിനൊപ്പം പോയതായിരുന്നു വിജയന്. കൂട്ടത്തോടെ വന്ന ആനകളില്‍ ഒന്നാണ് വിജയനെ ആക്രമിച്ചത്. പിതാവ് ഓടിമാറി രക്ഷപ്പെട്ടെങ്കിലും താഴെവീണ വിജയനെ ആന ആക്രമിച്ചു.
കഴുത്തിനും ഇടുപ്പിനും ചവിട്ടേല്‍ക്കുകയായിരുന്നു. സമീപവാസികള്‍ പടക്കമെറിഞ്ഞതോടെ ആനകള്‍ ഓടിപ്പോയി. പരിക്കേറ്റ വിജയനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.