ബ്രൂവറി കന്പനി വരുന്ന പൊൽപ്പുള്ളിയിൽ കുടിവെള്ളക്ഷാമമില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി
Saturday, January 25, 2025 2:18 AM IST
പാലക്കാട്: മദ്യക്കന്പനി സ്ഥാപിക്കുന്ന പൊൽപ്പുള്ളിയിൽ കുടിവെള്ളക്ഷാമം ഇല്ലെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി.
വിഷയത്തിൽ ജനങ്ങളും പ്രാദേശിക നേതൃത്വവും പരാതി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പറന്പിക്കുളം വെള്ളവും അവിടെ എത്തുന്നുണ്ട്. ജലചൂഷണം ഉണ്ടാവാൻ സാധ്യതയില്ല.
പദ്ധതി മന്ത്രിസഭയാണ് തീരുമാനിച്ചത്. ജലചൂഷണം ഉണ്ടാകില്ലെന്നു തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞ കെ. കൃഷ്ണൻകുട്ടി, ആശങ്കകൾ പരിഹരിച്ചു മുന്നോട്ടുപോകാനാണു തീരുമാനമെന്നും അറിയിച്ചു.
ഡാമുകളിലെ ജലശേഷി കൂട്ടിയാൽ പാലക്കാട് ജില്ലയിലെ ജലക്ഷാമം പരിഹരിക്കാം. ഇക്കാര്യം ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തും. പദ്ധതിയിൽ ജനങ്ങൾക്കു ദോഷംവരുന്ന ഒന്നുമില്ലെന്നും പദ്ധതി വരുന്പോൾ പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.