കടുവയെ പിടികൂടാൻ നീക്കം ഊർജിതം
Saturday, January 25, 2025 2:51 AM IST
അരുണ്‍ വിൻസന്റ്
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ പട്ടികവർഗ വനിത രാധയെ കൊലപ്പെടുത്തി ഭാഗികമായി ഭക്ഷിച്ച കടുവയെ പിടിക്കുന്നതിന് നീക്കം ഊർജിതം.
ദ്രുതപ്രതികരണ വിഭാഗത്തിലേതടക്കം ഇരുനൂറോളം വനസേനാംഗങ്ങളാണു കടുവയെ പിടിക്കുന്നതിനു ശ്രമത്തിൽ. കടുവയെ കണ്ടെത്തുന്നതിന് ഡ്രോണ്‍ സഹായത്തോടെ ഇന്നലെ തെരച്ചിൽ നടത്തി.
കടുവ ആക്രമണം നടന്നതിനു സമീപം കൂട് സ്ഥാപിച്ചു. രാധയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയതിനു പിന്നാലെ പഞ്ചാരക്കൊല്ലിക്കടുത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭാപരിധിയിൽ ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ ആഹ്വാനം ചെയ്തു. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.