ട്രേഡിംഗിൽ ലാഭം വാഗ്ദാനം ചെയ്ത് 24 ലക്ഷം തട്ടിയ രണ്ടു പേർ അറസ്റ്റിൽ
Saturday, January 25, 2025 2:17 AM IST
കൊച്ചി : ട്രേഡിംഗിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് ചാലക്കുടി സ്വദേശിയില്‍നിന്ന് 24 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര് അറസ്റ്റില്‍.
കോഴിക്കോട് പേരാമ്പ്ര കൊട്ടാരക്കുന്നുമല് വീട്ടില്‍ കെ. നൗഷാദ് (45), കോഴിക്കോട് നടുവണ്ണൂര്‍ കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് അഫ്സര്‍ (23) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് എസ്ഐ എന്‍.ഐ. റഫീഖിന്റെ നേതൃത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചാറ്റ് കരോ എന്ന ചാറ്റിംഗ് സൈറ്റ് വഴിയാണ് പരാതിക്കാരന് പ്രതികളുമായി പരിചയത്തിലായത്. ഫോറെക്സ് ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം തരാമെന്നു വിശ്വസിപ്പിച്ച് പരാതിക്കാരനില്‍നിന്ന് 2024 ഡിസംബര്‍ 10 മുതല്‍ 27 വരെയുള്ള കാലയളവില്‍ പല തവണകളായി 24,25,866 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും യുപിഐ ഐഡി വഴിയും കൈക്കലാക്കുകയായിരുന്നു.
പണമോ ലാഭവിഹിതമോ തിരികെ കിട്ടാതിരുന്നപ്പോൾ ചതിയാണെന്നു മനസിലാക്കി ചാലക്കുടി സ്വദേശി ഇന്‍ഫോ പാര്‍ക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികള്‍ ഈ തുക മറ്റൊരു അക്കൗണ്ടിലേക്കു കൈമാറിയതായാണ് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.