അന്നു നഴ്സ്, ഇന്നു മന്ത്രി... എൽഎഫിന്റെ സ്നേഹത്തണലിലേക്ക് ജിൻസനെത്തി
Sunday, January 26, 2025 1:16 AM IST
അങ്കമാലി: ഓസ്ട്രേലിയൻ മന്ത്രിക്കസേരയോളമെത്തിയ അങ്കമാലിക്കാരൻ, തനിക്കു പ്രചോദനത്തിന്റെ പാഠങ്ങൾ പകർന്ന ആതുരാലയത്തിലേക്കു വീണ്ടുമെത്തി. നന്ദി പറയാനും കരുതലും സ്നേഹവും പങ്കുവയ്ക്കാനും.
ഓസ്ട്രേലിയയിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ, ജിൻസൻ ആന്റോ ചാൾസാണു തന്റെ കരിയറിൽ വഴിത്തിരിവായ അങ്കമാലി എൽഎഫ് ആശുപത്രിയിയുടെ സ്വീകരണത്തിലേക്കെത്തിയത്.
നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുന്പാണ് ജിൻസൻ ആശുപത്രിയുടെ പടികളിറങ്ങിയത്. നേരേ ഓസ്ട്രേലിയയിലേക്ക്. മികവിന്റെ ഉയരങ്ങളിലേക്കു മെല്ലെ നടന്നുകയറുന്പോഴെല്ലാം എൽഎഫ് ആശുപത്രിയോടുള്ള കടപ്പാട് അദ്ദേഹം മറന്നില്ല. നാട്ടിലെത്തുന്പോഴെല്ലാം അദ്ദേഹം ആശുപത്രിയിലുമെത്തും. പഴയ സഹപാഠികളെയും അധികൃതരെയുമെല്ലാം കാണും. ആളും ആരവവുമില്ലാതെ ഇത്രയും കാലം ഹോസ്പിറ്റലിൽ വന്നു പോയിരുന്ന ജിൻസൻ ഇക്കുറി വന്നത് മന്ത്രിയായാണെന്നത് ആശുപത്രിയുടെയും അങ്കമാലിയുടെയും ആഹ്ലാദമായി.
എൽഎഫ് ആശുപത്രിയും നഴ്സിംഗ് കോളജും ചേർന്നൊരുക്കിയ സ്വീകരണച്ചടങ്ങിൽ ബിഷപ് മാർ തോമസ് ചക്യത്ത് ജിൻസനെ പൊന്നാടയണിയിച്ചു. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എംഎൽഎ ഉപഹാരം നൽകി.
മുൻ ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേന്പിള്ളി, മുൻ പ്രിൻസിപ്പൽ സിസ്റ്റർ തെൽമ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ഫാ. വർഗീസ് പാലാട്ടി, ഫാ. എബിൻ കളപ്പുരക്കൽ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രിയ ജോസഫ്, രേണു തോമസ് എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
എൽഎഫ് ഹോസ്പിറ്റൽ ജീവിതം തനിക്ക് നൽകിയ അനുഭവങ്ങൾ, പ്രഫഷണനിലും ജീവിതത്തിലും സേവന മേഖലകളിലും വഴിവിളക്കായിരുന്നെന്ന് ജിൻസൻ പറഞ്ഞു.
ഓസ്ട്രേലിയൻ സർക്കാരിനായി നോർത്തേൺ ടെറിട്ടറിയിൽ സ്പോർട്സ്, ഡിസെബിലിറ്റി, ആർട്സ്, സീനിയേഴ്സ് എന്നീ വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുന്നത്.