ചാണകംകൊണ്ട് നിർമിച്ച ഇഷ്ടികയ്ക്ക് പേറ്റന്റ്
Saturday, January 25, 2025 2:18 AM IST
ആലുവ: കളിമണ്ണിന് പകരം ചാണകം അടിസ്ഥാനമാക്കി പ്രത്യേക കൂട്ട് ഉപയോഗിച്ച് നിർമിച്ച ഇക്കോ-മെഡി ബ്രിക്ക്സിന് പേറ്റന്റ്. ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. എസ്. രേവതി, ഡോ. കെ. സീമ , മുൻ വിദ്യാർഥിനി മേഘ മരിയ ലാൽ എന്നിവരുടെ പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്.
പരമ്പരാഗത കളിമൺ ഇഷ്ടികകൾ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത. ചൂളയ്ക്ക് പകരം സൂര്യപ്രകാശത്തിലാണ് ചാണക ഇഷ്ടിക നിർമാണം നടക്കുക.
പകൽ സമയത്ത് ചൂട് ആഗിരണം ചെയ്ത് രാത്രി ചൂട് പുറത്ത് വിടുന്ന സാധാരണ ഇഷ്ടികയ്ക്ക് നേരേ വിപരീതമായാണ് പുതിയ ഇഷ്ടിക പ്രവർത്തിക്കുക. മേൽക്കൂര മറയ്ക്കാനും സീലിംഗ് ആവശ്യങ്ങൾക്കും മതിൽ അലങ്കാരങ്ങൾക്കും ടൈലുകൾക്ക് പകരമായുമൊക്കെ ഉപയോഗിക്കാം.
ബിരുദപഠനത്തിനിടയിലെ മേഘയുടെ അവസാനവർഷ പ്രോജക്ടാണ് ഇക്കോ-മെഡി ബ്രിക്ക്സ് എന്ന ഈ ഇക്കോ ഇന്നൊവേറ്റീവ് ആശയത്തിലേക്ക് വഴിതുറന്നത്.