പി.പി. ദിവ്യക്കെതിരേ വീണ്ടും മുഹമ്മദ് ഷമ്മാസ്; നിർമിതികേന്ദ്രയ്ക്ക് കരാറുകൾ നൽകിയതിൽ ദുരൂഹത
Saturday, January 25, 2025 2:18 AM IST
കണ്ണൂർ: ജില്ലാ നിർമിതികേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ദിവ്യക്കെതിരേ വിജിലൻസിൽ പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പാലക്കയം തട്ടിലെ ബിനാമി സ്വത്തിടപാടിൽ ബിനാമി കമ്പനി ഉടമയുടെയും ദിവ്യയുടെ ഭർത്താവിന്റെയും പേരിലുള്ള രേഖകൾ തയാറാക്കിയത് ഒരേ സ്ഥലത്താണ്. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും ഭൂമിയുടെ രേഖയിൽ കൃഷിയാണ് വരുമാന മാർഗമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരായ അജിത്തും പ്രശാന്തനും തമ്മിലുള്ള ബന്ധമെന്ത്? പ്രശാന്തന്റെ പെട്രോൾ പമ്പും ബിനാമി എന്ന സംശയത്തിന് ബലം പകരുന്നതാണ് പുറത്തുവരുന്ന തെളിവുകളെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക നിർമാണപ്രവർത്തനങ്ങളുടെ കരാറുകളും ലഭിച്ചിരിക്കുന്നത് കണ്ണൂർ ജില്ലാ നിർമിതി കേന്ദ്രയ്ക്കാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ദിവ്യ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 10.47 കോടിയുടെ കരാർ ഈ ജില്ലാ നിർമിതികേന്ദ്രയ്ക്ക് ലഭിച്ചു.
ഈ കരാറുകളെല്ലാം നൽകിയിരിക്കുന്നത് നേരിട്ടാണ് എന്നതാണ് ശ്രദ്ധേയം. ജില്ലാ നിർമിതികേന്ദ്ര നേരിട്ടല്ല പ്രവൃത്തികൾ നടത്തുന്നത്. നിർമിതികേന്ദ്രയ്ക്ക് നൽകിയ പദ്ധതി ഏറ്റെടുത്തു നടത്തിയത് ദിവ്യയുടെ ബിനാമി കമ്പനിയായ കാർട്ടൻ ഇന്ത്യ അലയൻസ് ലിമിറ്റഡാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
അരുൺ കെ. വിജയൻ കളക്ടറായ ശേഷം മാത്രം 5.25 കോടിയുടെ കരാർ നൽകിയതിൽ സംശയമുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കളക്ടറും സംശയനിഴലിലാണ്.
കാർട്ടൻ കമ്പനിയുടെ ഡയറക്ടറായ മുഹമ്മദ് ആസിഫിന്റെ ഭൂമിയോട് ചേർന്ന് അതേ സർവേ നമ്പറിൽ തൊട്ടടുത്ത് അതിരുള്ള സ്ഥലം പി.പി. ദിവ്യയുടെ ഭർത്താവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കാർട്ടൻ ഇന്ത്യ കമ്പനി ഡയറക്ടറുടെയും ദിവ്യയുടെ ഭർത്താവിന്റെയും സ്ഥലമിടപാട് രേഖകൾ തയാറാക്കിയത് ഒരേ ഓഫീസിൽ ഒരേ അഭിഭാഷകനാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
വിവാദ പ്രസംഗം നടന്ന എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുന്പും അതേ ദിവസം പി.പി. ദിവ്യ കളക്ടറേറ്റിൽ എത്തിയതിന്റെ രേഖകളും ഷമ്മാസ് പുറത്തുവിട്ടു.