കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
Saturday, January 25, 2025 2:18 AM IST
ചേലക്കര: വെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ പി.കെ. ശശിധരൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി.
പരാതിക്കാരൻ തന്റെ സ്ഥലത്തിന്റെ ന്യായവില തിരുത്തുന്നതിനായി ആർഡിഒ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നു സ്ഥലപരിശോധനയ്ക്കായി വെങ്ങാനെല്ലൂർ വില്ലേജ് ഓഫീസിൽ എത്തിയ അപേക്ഷയിൽ റിപ്പോർട്ട് നൽകുന്നതിനു വില്ലേജ് ഓഫീസർ ശശിധരൻ പരാതിക്കാരനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യഗഡുവായി അയ്യായിരം രൂപ ഇന്നലെ സ്ഥലപരിശോധനയ്ക്കു വരുമ്പോൾ നൽകണമെന്നും ആവശ്യപ്പെട്ടു.
പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ അറിയിച്ചു. വിജിലൻസ് കൊടുത്തുവിട്ട ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർക്കു കൈമാറുന്നതിനിടെയാണു കൈയോടെ പിടികൂടിയത്.
ഇൻസ്പെക്ടർ ദിനേശ് കുമാർ, എസ്ഐമാരായ ബൈജു, കമൽ ദാസ്, ജയകുമാർ, രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സൈജു സോമൻ, വിബീഷ്, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ശ്രീകുമാർ, ഡ്രൈവർ എബി തോമസ്, രാജീവ് എന്നിവരും കൈക്കൂലി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.