10 വർഷത്തിനിടെ കടുവ കൊന്നത് എട്ടു പേരെ
Saturday, January 25, 2025 2:51 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: വയനാട്ടിൽ കടുവ ആക്രമണത്തിൽ ഈ വർഷം കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണു മാനന്തവാടി പഞ്ചാരക്കൊല്ലി താറാട്ട് ഉന്നതിയിലെ രാധ. കാപ്പി വിളവെടുപ്പിനു പഞ്ചാരക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണ് നാൽപ്പത്തിയേകാരിയായ രാധ കടുവ ആക്രമണത്തിനിരയായത്.
വനം-വന്യജീവി വകുപ്പിലെ താത്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യയാണ് ഇവർ. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ തലപ്പുഴ സെക്ഷൻ പരിധിയിലാണ് പഞ്ചാരക്കൊല്ലി. വനത്തോട് ചേർന്നാണ് ഈ പ്രദേശം.
2023ൽ ജില്ലയിൽ രണ്ടുപേരുടെ ജീവനാണു കടുവ എടുത്തത്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്ന് പള്ളിപ്പുറം തോമസ്(സാലു-50), തെക്കേ വയനാട്ടിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂർ മരോട്ടിപ്പറന്പിൽ പ്രജീഷ്(36) എന്നിവരാണു കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കൃഷിയിടത്തിൽ ജനുവരി 11നാണ് തോമസിനെ കടുവ ആക്രമിച്ചത്. ചികിത്സയിലിരിക്കേ പിറ്റേന്നായിരുന്നു മരണം. നോർത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണു പുതുശേരി വെള്ളാരംകുന്ന്. ഡിസംബർ ഒന്പതിനു പകൽ കൃഷിയിടത്തിലായിരുന്നു പ്രജീഷിന്റെ ദാരുണാന്ത്യം.
രാവിലെ പശുക്കൾക്കു പുല്ലരിയാൻ പോയ പ്രജീഷ് ഉച്ചകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് ജ്യേഷ്ഠൻ മജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് ഇടതുകാൽമുട്ടിനു മുകളിലുള്ള ഭാഗം കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിന് ഏകദേശം അര കിലോമീറ്റർ അകലെ സ്വകാര്യ തോട്ടത്തിലാണ് പ്രജീഷ് പുല്ലരിയാൻ പോയത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെടുന്ന പ്രദേശമാണ് മൂടക്കൊല്ലി കൂടല്ലൂർ.
ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ വയനാട് വന്യജീവി സങ്കേതം, നോർത്ത്, സൗത്ത് വയനാട് വനം ഡിവിഷൻ പരിധികളിൽ എട്ടു പേരെയാണു കടുവ കൊന്നത്. 2015ൽ മൂന്നു പേരെ കടുവ കൊന്നു. 2015 ഫെബ്രുവരിയിൽ വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽപ്പെട്ട നൂൽപ്പുഴ പുത്തൂർകൊല്ലിയിൽ ഭാസ്കരനെ(62)യാണ് കടുവ കൊലപ്പെടുത്തിയത്.
വീടിന് ഒരു കിലോമീറ്റർ അകലെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ഭാസ്കരനെ കടുവ പിടിച്ചത്. കാട്ടിൽ രണ്ടിടങ്ങളിലായാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. അതേവർഷം ജൂണിൽ വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിൽ ആദിവാസി യുവാവ് ബാബുരാജിനെ(24)കടുവ കൊന്നു.
വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ബാബുരാജിനു ദാരുണാന്ത്യമുണ്ടായത്. പട്ടികവർഗത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരനാണ് ഈ യുവാവ്. വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽപ്പെട്ട കക്കേരി ഉന്നതിയിലെ ബസവയാണ് 2015ൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമൻ. വനം-വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചറായിരുന്നു ബസവ.
2019 ഡിസംബറിലായിരുന്നു കടുവ ആക്രമണത്തിൽ മറ്റൊരു മരണം. വടക്കനാട് പച്ചാടി ഉന്നതിയിലെ ജഡയനെയാണ്(58)കടുവ പിടിച്ചത്. വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലാണ് ഈ പ്രദേശം. വീടിനടുത്ത് വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ജഡയൻ. കാര്യന്പാതി ബസൻവൻകൊല്ലിയിലെ ശിവകുമാറായിരുന്നു(24) കടുവയുടെ അടുത്ത ഇര.
2020 ജൂണ് 17നാണു ശിവകുമാർ കൊല്ലപ്പെട്ടത്. ചെതലത്ത് ഫോറസ്റ്റ് റേഞ്ചിലെ കാര്യന്പാതി കതവക്കുന്ന് വനത്തിലാണു തലയും വലതുകൈയും കാൽമുട്ടുകൾക്കു താഴെയുള്ളതും ഒഴികെ ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ ശിവകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വിറക് ശേഖരിക്കാൻ വനത്തിൽ പോയതായിരുന്നു ശിവകുമാർ.
അടുത്തിടെ ചെതലത്ത് റേഞ്ചിൽപ്പെട്ട അമരക്കുനിയിയിലും സമീപ പ്രദേശങ്ങളിലും കടുവാ ശല്യം ഉണ്ടായിരുന്നു. വിവിധ ദിവസങ്ങളിലായി അഞ്ച് ആടുകളെ കടുവ കൊന്നു. 10 ദിവസത്തോളം ജനങ്ങളെ മുൾമുനയിൽ നിർത്തിയ കടുവയെ കഴിഞ്ഞ 17നാണ് പിടിച്ചത്. വനസേന സ്ഥാപിച്ച കൂട്ടിൽ കടുവ കയറുകയായിരുന്നു. ആവർത്തിക്കുന്ന കടുവ ആക്രമണം ജില്ലയിൽ വനാതിർത്തി പ്രദേശങ്ങളിൽ വസിക്കുന്നവരുടെ ഉറക്കം കെടുത്തുകയാണ്.