ഹൃദയഭേദകം ഈ അരുംകൊലകള്‍
Saturday, January 25, 2025 2:51 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: ഇനിയും എത്ര മനുഷ്യജീവനുകളെ കുരുതികൊടുക്കണം ഭരണാധികാരികളുടെ കണ്ണുതുറക്കാന്‍? വയനാട് പോലുള്ള മലയോര, വനമേഖലകളില്‍ മാത്രമല്ല ഭീതിദമായ അവസ്ഥ. കാടുവിട്ടു നഗരങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു കാട്ടുമൃഗങ്ങള്‍. കാട്ടാന ചവിട്ടിയരച്ചു ഛിന്നഭിന്നമാക്കിയ മൃതദേഹങ്ങള്‍, കടുവ പാതി ഭക്ഷിച്ച മനുഷ്യ ശരീരങ്ങള്‍... ഹൃദയഭേദകമായ കാഴ്ചകള്‍ പതിവാകുന്നു.
പ്രതിഷേധം അണപൊട്ടുമ്പോള്‍ കോടികളുടെ പ്രഖ്യാപനങ്ങളും കുറേയേറെ വാഗ്ദാനങ്ങളും. എല്ലാം ആവർത്തനങ്ങൾ. കേരളത്തില്‍ വന്യജീവി ആക്രമണങ്ങളില്ലാത്ത ഒരുദിനംപോേലുമില്ല. ഏറ്റവുമൊടുവിലത്തേതാണ് ഇന്നലെ വയനാട്ടിലുണ്ടായ ദാരുണ സംഭവം.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വയനാട്ടില്‍ മാത്രം കടുവകള്‍ ഇരയാക്കിയത് എട്ടുപേരെയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ മരിച്ചത് 486 പേരാണ്. 5323 പേര്‍ക്ക് പരിക്കേറ്റു. 2016 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ വയനാട്ടില്‍ മാത്രം ജീവന് നഷ്ടമായത് 47 പേര്‍ക്കാണ്. ഇക്കാലയളവില്‍ കേരളത്തില്‍ മാത്രം 968 ആളുകള്‍ കൊല്ലപ്പെട്ടുവെന്നും സര്‍ക്കാര്‍ രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കൊന്നാലും തിന്നാലും കേന്ദ്രത്തിനെന്ത്?
കേരളത്തില്‍ വന്യജീവികള്‍ മനുഷ്യരെ കൊന്നാലും തിന്നാലുമെന്ത് എന്നു തോന്നിപ്പിക്കുന്ന നടപടികളും നിലപാടുകളുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
വന്യജീവിശല്യം തടയാനുദേശിച്ച് 620 കോടി രൂപയുടെ പദ്ധതി തയാറാക്കി സമര്‍പ്പിച്ചപ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും വിഭവ സമാഹരണത്തിലുടെയും ശാസ്ത്രീയവും നൂതനവുമായ സമീപനങ്ങളിലൂടെയും സുസ്ഥിര പരിഹാരം കണ്ടെത്തണമെന്നായിരുന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി രേഖാമൂലം കേരളത്തിനു നല്കിയ "വിലപ്പെട്ട’ ഉപദേശം.
ഇതേത്തുടര്‍ന്ന് 2024 ഫെബ്രുവരി ഏഴിന് സംസ്ഥാന വനം-റവന്യു മന്ത്രിമാര്‍ ചേര്‍ന്ന് ഈ പദ്ധതി നേരിട്ടു മന്ത്രിക്കു സമര്‍പ്പിച്ചിട്ടും ഫലമുണ്ടായില്ല. അതിനുശേഷം കേന്ദ്രവും സംസ്ഥാനവും 60 - 40 എന്നു അനുപാതത്തില്‍ ചെലവു വഹിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്കായി ശിപാര്‍ശ സമര്‍പ്പിച്ചു. അതിനും മറുപടിയുണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരാകട്ടെ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ ആവിഷ്കരിക്കാതെ താത്കാലിക നടപടികളിലൂടെ തടിതപ്പുകയാണ്. 1972ലെ വന്യജീവി (സംരക്ഷണ) നിയമമാണിപ്പോഴും പ്രാബല്യത്തിലുള്ളത്.
ജനവാസകേന്ദ്രങ്ങളിലെത്തുന്ന വന്യജീവികളെ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള അംഗീകൃത നടപടിക്രമങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ 72ലെ നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയം 2024 ഫെബ്രുവരി 14ന് പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തില്‍ ഐകകണ്ഠ്യേന പാസാക്കിയിരുന്നു.
പ്രമേയത്തിന്റെ പകര്‍പ്പ് കേന്ദ്ര വനം- പരസ്ഥിതി മന്ത്രാലയത്തിനു ഫെബ്രുവരി 27ന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഏറ്റവും കൂടുതല്‍ കടുവകള്‍ വയനാട്ടില്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകളുണ്ടെന്നു വ്യക്തമാക്കുന്നത് വനംവകുപ്പിന്റെ തന്നെ കണക്കുകളാണ്. വനംവകുപ്പും പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും സംയുക്തമായി 2023ല്‍ വയനാട് മേഖലയില്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയത് 84 കടുവകളെയാണ്.
വയനാട് ഭൂപ്രദേശ പരിധിയില്‍ ഉള്‍പ്പെടുന്ന വയനാട്, ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങള്‍, കണ്ണൂര്‍, വയനാട് നോര്‍ത്ത്, വയനാട് സൗത്ത് എന്നീ ടെറിറ്റോറിയല്‍ ഡിവിഷനുകള്‍ എന്നിവ ഉള്‍പ്പെട്ട മേഖലയിലായിരുന്നു കണക്കെടുപ്പ്.
84 കടുവകളില്‍ 69 എണ്ണത്തിനെ വയനാട് വന്യജീവി സങ്കേതത്തിലും എട്ടെണ്ണത്തിനെ വയനാട് നോര്‍ത്ത് ഡിവിഷനിലും ഏഴെണ്ണത്തിനെ വയനാട് സൗത്ത് ഡിവിഷന് പരിധിയിലുമാണ് കണ്ടെത്തിയത്. 2022ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ 213 കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
2006 മുതല്‍ ഇതുവരെയായി അഞ്ചുതവണ നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നാണ് വ്യക്തമാകുന്നത്.
84 കടുവകള്‍ക്ക് വിഹരിക്കാനാവശ്യമായ ആവാസ വ്യവസ്ഥയ്ക്കുള്ള വനവിസ്തൃതി വയനാട്ടിലില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം.
വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടവര്‍
വര്‍ഷം, കൊല്ലപ്പെട്ടവരുടെ എണ്ണം യഥാക്രമം
2016 142
2017 110
2018 134
2019 100
2020 100
2021 127
2022 111
2023 106
2024 38 (ജൂണ്‍ വരെ)
കേരളത്തിലെ കടുവകളുടെ എണ്ണം
വര്‍ഷം എണ്ണം
2006 46
2010 71
2014 136
2018 190
2022 213