നവജാതശിശുവിന്റെ തുടയിൽ സൂചി കുടുങ്ങിയത് സ്വകാര്യലാബിൽനിന്ന്?
Saturday, January 25, 2025 2:18 AM IST
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജനിച്ച നവജാതശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്കുമാർ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക്.
ചികിത്സയിലെ ഗുരുതരമായ പിഴവു കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പെരിങ്ങോം സ്വദേശി ടി.വി. ശ്രീജു പരിയാരം പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കേസെടുക്കുകയും പയ്യന്നൂർ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളിൽനിന്നു വിശദമായ മൊഴി രേഖപ്പെടുത്തിയതിനു പുറമേ മെഡിക്കൽ കോളജിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തു. സൂചി കുട്ടിയുടെ ശരീരത്തിലെത്തിയതു മെഡിക്കല്‍ കോളജില്‍ നിന്നല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായതായാണു സൂചന.
രക്തപരിശോധനയ്ക്കു കുട്ടിയുമായി സ്വകാര്യലാബില്‍ പോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ ലാബ് കേന്ദ്രീകരിച്ച അന്വേഷണമാണു നടക്കുന്നത്. അടുത്തദിവസം തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉറപ്പുവരുത്താനാകുമെന്നാണു പോലീസ് പറയുന്നത്.
മെഡിക്കൽ കോളജിൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് അടക്കമുള്ള നാലംഗ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് അടുത്ത ദിവസം സൂപ്രണ്ടിനു സമർപ്പിക്കും.
25 ദിവസം മാത്രം പ്രായമായ കുട്ടിയുടെ തുടയിലാണു സൂചി കുടുങ്ങിയത്. ഡിസംബർ 22നാണു കുട്ടിയുടെ അമ്മയെ പ്രസവത്തിനായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 24ന് അവർ ഒരു പെൺകുട്ടിക്കു ജന്മം നൽകുകയും ചെയ്തു.
ജനിച്ച് രണ്ടാംദിവസം കുട്ടിക്ക് പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. ഡിസ്ചാർജ് ചെയ്തതിന് ശേഷം കുട്ടിയിൽ അസ്വസ്ഥത കൂടി വന്നതോടെ വീണ്ടും പരിയാരത്തെത്തി ഡോക്ടറെ കാണിച്ചുവെങ്കിലും ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ നൽകി പറഞ്ഞുവിടുകയായിരുന്നു.
രണ്ടു തവണ ഇതാവർത്തിച്ചിട്ടും ഫലമില്ലാതെ വരികയും കുട്ടിയുടെ കാലിൽ പഴുപ്പ് കയറാൻ തുടങ്ങുകയും ചെയ്തതോടെ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ അവിടെ നടത്തിയ പരിശോധനയിലാണ് കാലിൽനിന്നു സൂചി കണ്ടെത്തിയത്.
ചികിത്സയിലെ പിഴവ് ആണെന്ന് ആരോപിച്ചാണ് കുട്ടിയുടെ പിതാവ് ശ്രീജു ആശുപത്രി അധികൃതർക്കും പരാതി നൽകിയത്.