സര്‍ക്കാരിന്റെ അലംഭാവം വ്യക്തം: പ്രതിപക്ഷ നേതാവ്
Saturday, January 25, 2025 2:51 AM IST
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വയനാട് ചാലിഗദ്ദ പനച്ചിയില്‍ അജീഷിനെ ആന ചവിട്ടിക്കൊലപ്പെടുത്തിയത്. ‘ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുതെന്നാണ്’ ആ വീട്ടില്‍ പോയപ്പോള്‍ അജീഷിന്റെ മോള് എന്നോട് പറഞ്ഞത്. എന്നാല്‍ അജീഷുമാര് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
2016 മുതല്‍ നാളിതുവരെ ആയിരത്തോളം പേര് വന്യ ജീവികളുടെ ആക്രമണത്തില്‍ മരിച്ചെന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എണ്ണായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അയ്യായിരത്തോളം കന്നുകാലികള്‍ കെല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടാകുകയും ചെയ്തു.
മലയോരമേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയക്ക് പുറമെയാണ് വന്യജീവികളുടെ ഭീഷണിയും. മലയോര ജനതയുടെ ഭീതിയും സങ്കടവും നിസഹായാവസ്ഥയും നിയമസഭയിലും പുറത്തും നിരവധി തവണ യുഡിഎഫ് ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നത് മലയോര മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജീവന് പണയപ്പെടുത്തിയാണ് മലയോര മേഖലയില്‍ ജനങ്ങള്‍ താമസിക്കുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2023 അവസാനം വരെ 69 കോടി രൂപയുടെ കൃഷിനാശമാണ് ഈ മേഖലയിലുണ്ടായത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനവും വനമാണ്. ഇതാകട്ടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലും. ഈ സാഹചര്യത്തിലും കൃഷിയിടങ്ങള്‍ ബലമായി പിടിച്ചെടുത്ത് വനമാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ വന്യജീവി ആക്രമണ ഭീഷണിയില്‍ ജീവിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. വന്യ ജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.