എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്ന എം. മുകുന്ദന്റെ അഭിപ്രായത്തെ തള്ളി ടി. പദ്മനാഭൻ
Sunday, January 26, 2025 1:16 AM IST
കണ്ണൂർ: എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്ന എം. മുകുന്ദന്റെ പ്രസ്താവനയെ തള്ളിയും വിമർശിച്ചും ടി. പദ്മനാഭൻ.
എഴുത്തുകാർക്ക് അത്തരമൊരു കടമയില്ലെന്നും സത്യത്തിനും നീതിക്കുമൊപ്പം നിലകൊണ്ട് അക്കാര്യം വിളിച്ചുപറയലാണ് എഴുത്തുകാരന്റെ കടമയെന്നും ടി. പദ്മനാഭൻ പറഞ്ഞു.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ്, എം. മുകുന്ദന്റെ പേര് പരാമർശിക്കാതെ മുകുന്ദന്റെ പ്രസ്താവനയെ ടി. പദ്മനാഭൻ തള്ളിപ്പറഞ്ഞത്.
രണ്ടാഴ്ച മുന്പ് കേരളത്തിലെ ഒരു നോവലിസ്റ്റ് വലിയ പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി. ഒരു ലക്ഷം രൂപയും സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയും സ്പീക്കറുമുള്ള വേദിയിൽ പ്രസംഗിക്കുകയും ചെയ്തു. ഭരണകക്ഷിക്ക് അനുകൂലമായി എഴുതുക എന്നതാണ് എഴുത്തുകാരന്റെ കടമയെന്നാണ് അദ്ദേഹം പറഞ്ഞത്.
അതുകേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം പറഞ്ഞതുപോലെയുള്ള ഒരു കടമയും എഴുത്തുകാരനില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്തെങ്കിലും കിട്ടാൻ വേണ്ടിയല്ല ഞാൻ എഴുതുന്നതെന്നും ടി. പദ്മനാഭൻ പറഞ്ഞു.