വീടിനു പുറത്തിറങ്ങുന്നത് ജീവൻ പണയംവച്ച് !
Saturday, January 25, 2025 2:18 AM IST
കൽപ്പറ്റ: വയനാട്ടിൽ വനാതിർത്തി പ്രദേശങ്ങളിൽ തുടരുന്ന കടുവാശല്യം ജനങ്ങൾക്കും വനസേനയ്ക്കും ഒഴിയാത്ത തലവേദനയായി.
വീടിനു പുറത്തിറങ്ങാൻ ജീവൻ പണയംവയ്ക്കണമെന്ന അവസ്ഥയാണ്. ജനവാസകേന്ദ്രങ്ങളിൽ ഭീതി വിതയ്ക്കുന്ന കടുവകളെ കൂടുവച്ചോ മയക്കുവെടിവച്ചോ പിടിക്കാൻ ബാധ്യസ്ഥരായ വനസേന കഠിനാധ്വാനം മൂലം തളരുകയാണ്.
പ്രായാധിക്യമോ പരിക്കുകളോമൂലം വനത്തിൽ ഇരതേടാൻ ശേഷി നഷ്ടമായ കടുവകളാണു കാടിറങ്ങുന്നതിൽ അധികവും. വിശപ്പകറ്റാനുള്ള വക നാട്ടിൻപുറങ്ങളിൽ തേടുന്ന അവ മനുഷ്യജീവന് ഉയർത്തുന്നതു കടുത്ത ഭീഷണി.
കാടുപിടിച്ച തോട്ടങ്ങളിൽ പകൽ പതുങ്ങുന്ന കടുവകൾ രാത്രിയാണ് തൊഴുത്തുകളും ആട്ടിൻകൂടുകളും ലക്ഷ്യമിട്ട് പുറത്തിറങ്ങുന്നത്. രാവിന്റെ മറവിൽ ചുറ്റിത്തിരിയുന്ന കടുവകളെ ഭയന്നാണു ജനജീവിതം.
വന്യജീവി സംരക്ഷണത്തിൽ കാട്ടുന്ന ഉത്സാഹം മനുഷ്യരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിൽ വനം-വന്യജീവി വകുപ്പിനില്ല. ഇതിലുള്ള അമർഷം ഉള്ളിൽ ഒതുക്കിയാണു വനാതിർത്തി പ്രദേശങ്ങളിലെ കർഷകരുടെ ജീവിതം.
തമിഴ്നാട്ടിലെ മുതുമല, കർണാടകയിലെ ബന്ദിപ്പുര, നാഗരഹോള കടുവാസങ്കേതങ്ങളോടു ചേർന്നു കിടക്കുന്നതാണ് വയനാടൻ കാടുകൾ.
ബത്തേരി പച്ചാടിക്കടുത്ത് വനം-വന്യജീവി വകുപ്പ് സ്ഥാപിച്ച വന്യമൃഗ അഭയകേന്ദ്രത്തിൽ നാലുവീതം ആൺ, പെണ് കുടുവകളുണ്ട്. 2022 മുതൽ പിടികൂടിയ കടുവകളാണു കേന്ദ്രത്തിലുള്ളത്.