കെപിസിസി അധ്യക്ഷമാറ്റ ചർച്ച: അതൃപ്തി അറിയിച്ച് കെ. സുധാകരൻ
Saturday, January 25, 2025 2:18 AM IST
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിൽ കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനുള്ള ചർച്ചകൾ സജീവമായതു പുറത്തുവന്നതിനു പിന്നാലെ അതൃപ്തിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
കെപിസിസി പ്രസിഡന്റ് മാറ്റം പുറത്തുവന്നതിലെ അതൃപ്തി എഐസിസി ജനറൽ സെക്രട്ടറിയേയും ഹൈക്കമാൻഡിനേയും സുധാകരൻ അറിയിച്ചതായാണു വിവരം.
അതേസമയം, കെ. സുധാകരൻ മാറിയാൽ പകരം അദ്ദേഹത്തിനുകൂടി സമ്മതനായ വ്യക്തിയെ നിയമിക്കുന്നതു പരിഗണിക്കാമെന്ന ഉറപ്പ് ഹൈക്കമാൻഡ് കെ. സുധാകരനു നൽകിയതായും സൂചനയുണ്ട്. ആരോഗ്യ പ്രശ്നങ്ങളിൽ വലയുന്ന കെ. സുധാകരനെ പ്രകോപിതനാക്കാതെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റി പകരം നിയമനം നടത്തുന്നതാണു പരിഗണിക്കുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ദീപാദാസ് മുൻഷി നടത്തുന്ന കൂടിക്കാഴ്ചകൾ തുടരുകയാണ്. നേതാക്കൾ നിർദേശിച്ച പേരുകളിൽ ഹൈക്കമാൻഡ് കൂടിയാലോചന തുടരും.
കേരളത്തിൽനിന്നുള്ള എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുൻഷി നേതാക്കളുമായി ചർച്ചകൾ നടത്തിയത്. സാമുദായിക സമവാക്യങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയുമൊക്കെ പരിഗണിച്ചാകും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ അന്തിമ തീരുമാനമെടുക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥ ഇന്നു തുടങ്ങുകയാണ്. ഫെബ്രുവരി അഞ്ചുവരെ മലയോരജാഥ തുടരും. മലയോര ജാഥ സമാപിച്ച ശേഷമാകും ഇക്കാര്യത്തിൽ തുടർ തീരുമാനമെടുക്കുക.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ മാറ്റം പാർട്ടിയേയും യുഡിഎഫിനേയും ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റുന്നുണ്ടെങ്കിൽ വേഗത്തിൽ മാറ്റം വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.