അനധികൃത ഫ്ലക്സ് ബോര്‍ഡ്; എന്തു നടപടി സ്വീകരിച്ചു?
Saturday, January 25, 2025 2:18 AM IST
കൊച്ചി: കോടതി ഉത്തരവുകള്‍ അവഗണിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ വലിയ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് ഉത്തരവാദികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി (കെഎസ്ഇഎ പ്രസിഡന്റ്), ഓഫീസ് അസിസ്റ്റന്റായ അജിത്കുമാര്‍ (കെഎസ്ഇഎ സെക്രട്ടറി) എന്നിവരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്എയുടെ നേതൃത്വത്തില്‍ വലിയ ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനുവരി 15ന് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. കോടതി ഉത്തരവിനു വിരുദ്ധമായി അനധികൃത ബോര്‍ഡ് സ്ഥാപിച്ചതിന് ഉത്തരവാദികളായ വ്യക്തികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച പരസ്യ ഏജന്‍സിയെയും ജീവനക്കാരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏജന്‍സിക്കും ജീവനക്കാര്‍ക്കും എതിരേ സ്വീകരിക്കുന്ന നടപടികളില്‍ തിരുവനന്തപുരം കോര്‍പറേഷനോട് വിശദീകരണം തേടിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സംബന്ധിച്ച 2018ലെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഈ വിഷയത്തില്‍ ഇടപെട്ടത്. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും 5,000 രൂപ വീതം ഈടാക്കണമെന്ന് കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കേരളം ഒഴികെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും അനധികൃത ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
ചെന്നൈ, വിശാഖപട്ടണം, പുരി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കുള്ള തന്റെ സമീപകാല യാത്രകളില്‍ കേരളത്തില്‍ കണ്ടതുപോലെയുള്ള അനധികൃത ബോര്‍ഡുകളോ പോസ്റ്ററുകളോ കണ്ടിട്ടില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രന് പരാമര്‍ശിച്ചു. ഹര്‍ജി 30ന് വീണ്ടും പരിഗണിക്കും.