പിഎഫ്സി കേരളയ്ക്കൊപ്പം ഫുട്ബോളിലേക്ക് ജോസ് ആലുക്കാസ്
Saturday, January 25, 2025 2:17 AM IST
തൃശൂർ: ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് ലോകകപ്പിലേക്കുള്ള ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കുന്ന എലീറ്റ് കാറ്റഗറി ക്ലബായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പിഎഫ്സി കേരളയ്ക്കൊപ്പം ഫുട്ബോളിലേക്കു കിക്കോഫ് ചെയ്യുന്നു. കെപിഎല്ലിലെ ടീമിന്റെ ആദ്യമത്സരം 27നു മഞ്ചേരിയിൽ നടക്കും.
തൃശൂർ പറപ്പൂർ കേന്ദ്രമാക്കി 2012 മുതൽ പ്രവർത്തിക്കുന്ന പിഎഫ്സി കേരളയിൽനിന്ന് ആറു പേർ ഐഎസ്എൽ ക്ലബ്ബുകളുമായി കരാറിലെത്തി. സന്തോഷ് ട്രോഫി, ദേശീയ ജൂണിയർ ടീം, സംസ്ഥാന സബ്ജൂണിയർ ടീം എന്നിവിടങ്ങളിലേക്കും താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്.
പത്തുവർഷമായി റെസിഡന്റ് അക്കാദമിയായി പ്രവർത്തിക്കുന്ന ക്ലബ്ബിന് ഐ ലീഗ് അംഗത്വമുണ്ട്. 350 താരങ്ങൾ പരിശീലിക്കുന്നു. കുട്ടികളിൽനിന്നു പണമീടാക്കാതെയാണു പരിശീലനം. കേരള ഫുട്ബോൾ അസോസിയേഷന്റെ ബെസ്റ്റ് ഫുട്ബോൾ അക്കാദമി അവാർഡും പിഎഫ്സി കേരള നേടി.