പകൽ താപനില കുതിക്കുന്നു; കുംഭത്തിനു മുൻപേ കേരളം ചൂടാകുന്നു
Sunday, January 26, 2025 1:16 AM IST
തിരുവനന്തപുരം: കുംഭ മാസമെത്തും മുൻപേ കേരളം ചൂടാകുന്നു. ഉയർന്ന താപനിലയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷസ് വരെ വർധനയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി.
അടുത്ത 48 മണിക്കൂർകൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില വർധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. സംസ്ഥാനത്ത് മൂന്നിടത്ത് ഇന്നലെ കൂടിയ പകൽ താപനില 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി.
എറണാകുളം ജില്ലയിലെ കളമശേരിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകൽ താപനില 45.1 ഡിഗ്രി സെൽഷ സാണ്. ആലപ്പുഴ ജില്ലയിലെ കരുമാടിയിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാടും കൂടിയ പകൽ താപനില 40.1 ഡിഗ്രി സെൽഷസ് വരെയെത്തി. മിക്ക ജില്ലകളിലും കൂടിയ പകൽ താപനില 35 ഡിഗ്രി സെൽഷസും പിന്നിട്ടു കുതിക്കുകയാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സംസ്ഥാനത്ത് ശരാശരി 22 മില്ലിമീറ്റർ മഴയാണ് പെയ്യേണ്ടത്. പക്ഷേ ഇക്കുറി ജനുവരി അവസാനിക്കാറായിട്ടും കാര്യമായി മഴ പെയ്തില്ല. ജനുവരിയിൽ ഇന്നലെ വരെ അഞ്ചര മില്ലിമീറ്റർ മഴയാണ് പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മകര മാസത്തിൽ തന്നെ പകൽച്ചൂടിങ്ങനെ പിടിവിട്ട് കുതിച്ചാൽ ഇക്കുറി വേനൽ കടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.