അന്തർ സംസ്ഥാന പാതയിൽ ആനകളുടെ വിളയാട്ടം
Saturday, January 25, 2025 2:18 AM IST
മറയൂർ: മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാനതല പാതയിൽ കാട്ടാന കൂട്ടത്തിന്റെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മറയൂർ-ഉദുമൽപേട്ട പാതയിലും മറയൂർ-മൂന്നാർ പാതയിലുമായിട്ടാണ് കാട്ടാനകൾ ഇറങ്ങി നാശം വിതച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മറയൂർ-ഉദുമൽപേട്ട പാതയിൽ ഏഴുമല ക്ഷേത്ര പാതയ്ക്ക് സമീപം പിടിയാനയും കുട്ടിയും നടുറോഡിൽ ഇറങ്ങി നിന്ന് ഗതാഗതം തടസ്സപ്പെടുത്തി.
മറയൂർ ചിന്നാർ റോഡിൽ ചാമ്പക്കാടിന് സമീപവും ഒന്നരക്കൊമ്പൻ അരമണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി. ഇത് കൂടാതെ ഇന്നലെ രാത്രി ഒറ്റയാൻ കെഎസ്ആർടിസി ബസിന് മുൻപിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി മറയൂർ മൂന്നാർ റോഡിൽ കന്നിമല ഭാഗത്ത് പടയപ്പ, മറയൂരിലേക്ക് വരികയായിരുന്ന കാറിനു നേരേ വന്ന് കാറിൽ കുത്തി വാഹനത്തിന് കേടുപാടുകൾ വരുത്തി. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് സ്ഥിരമായി കൃഷികൾക്ക് നാശനഷ്ടം വരുത്തി വന്നിരുന്ന കാട്ടാനക്കൂട്ടങ്ങൾ ഇപ്പോൾ വാഹന യാത്രക്കാർക്കും ദുരിതമായി മാറിയിരിക്കുകയാണ്.