അടിയന്തര നടപടി സ്വീകരിച്ചെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Saturday, January 25, 2025 2:51 AM IST
തിരുവനന്തപുരം: കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തലപ്പുഴ, വരയാൽ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാർ നിലവിൽ 12 ബോർ പന്പ് ആക്ഷൻ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തും.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടർമാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചു. ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചു.
പഞ്ചാരക്കൊല്ലിയിൽ ഒരുക്കിയ ബേസ് ക്യാന്പിൽ സുൽത്താൻ ബത്തേരി ആർആർടി അംഗങ്ങളെകൂടി നിയോഗിച്ചു.നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനെ ഓപ്പറേഷൻ കമാൻഡറായി ഇൻസിഡന്റ് കമാൻഡ് രൂപീകരിച്ചെന്നും മന്ത്രി പറഞ്ഞു.