ദയാ മാതൃക
Saturday, January 25, 2025 2:17 AM IST
ആലുവ: ഒമ്പതു വർഷം മുമ്പ് കെഎസ്ആർടിസി ബസിൽനിന്ന് അധിക്ഷേപിച്ച് ഇറക്കി വിട്ട കേസിൽ കണ്ടക്ടർക്കു മാപ്പ് നൽകി സാമൂഹിക പ്രവർത്തക ദയാബായി. വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശി ഷൈലനെതിരേ ആലുവ ജുഡീഷൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ നിലനിന്നിരുന്ന കേസാണ് പിൻവലിച്ചത്.
അന്നത്തെ ബസ് കണ്ടക്ടര്‍ ഷൈലനും ഒപ്പം എത്തിയ ഡ്രൈവര്‍ യൂസഫിനും കൈ കൊടുത്ത് ദയാബായി ചിരിച്ചാണ് പിരിഞ്ഞത്. തനിക്കു വേണ്ടിയല്ല, നിറത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ അപമാനിക്കപ്പെടുന്ന എല്ലാവര്ക്കും വേണ്ടിയാണ് ദുരനുഭവത്തെപ്പറ്റി പരാതി പറഞ്ഞതെന്നും ഇത്തരം ദുരവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും ഓര്‍മിപ്പിച്ചാണു ദയാബായി മടങ്ങിയത്.
2015 ഡിസംബർ 19ന് തൃശൂർ - എറണാകുളം ബസിലെ ആലുവയിലേക്കുള്ള യാത്രക്കാരിയായിരുന്നു ദയാബായി. ആലുവ ബസ് സ്റ്റാൻഡിൽ ഇറക്കേണ്ടതിനു പകരം തൊട്ടുമുമ്പത്തെ റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിൽ ആക്ഷേപിച്ച് ഇറക്കിവിട്ടതായാണ് കേസ്.
ഇന്നലെ കോടതി കേസ് പരിഗണിക്കുന്നത് അറിഞ്ഞാണ് ദയാബായി മധ്യപ്രദേശിൽനിന്ന് ആലുവയിലെത്തിയത്. മജിസ്ട്രേറ്റ് മുമ്പാകെ, കണ്ടക്ടർക്കു മാപ്പു നൽകുന്നതായി അറിയിച്ചു. തുടർന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു.
വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരില്‍ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞ് നടുറോഡില്‍ ഇറക്കിവിട്ടെന്നായിരുന്നു ദയാബായിയുടെ പരാതി. ഇതരസംസ്ഥാന തൊഴിലാളി എന്ന് കരുതി അസഭ്യം വിളിച്ചെന്നായിരുന്നു പ്രധാന ആക്ഷേപം.