മലക്കം മറിഞ്ഞ് വാട്ടർ അഥോറിറ്റി
Sunday, January 26, 2025 1:16 AM IST
പാലക്കാട്: ഒയാസിസ് മദ്യക്കമ്പനിക്കു വെള്ളംനല്കുന്നതു തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നു വാട്ടര്‍ അഥോറിറ്റി. ഒയാസിസിനു കിന്‍ഫ്ര പദ്ധതിയിലൂടെയാണു വെള്ളം നല്‍കുക.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസിനു വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയര്‍ നല്കിയ കത്തിലാണ് ഇതു വ്യക്തമാക്കുന്നത്. മദ്യക്കമ്പനിക്കു കിന്‍ഫ്ര പദ്ധതിയിലൂടെ വെള്ളം നല്കുന്നതിനാല് കുടിവെള്ളപദ്ധതികളെ ഇതു ബാധിക്കില്ലെന്നു കത്തില്‍ വാട്ടര്‍ അഥോറിറ്റി പറയുന്നു.
മദ്യക്കന്പനിക്കു വെള്ളം അനുവദിക്കില്ലെന്ന് ദിവസങ്ങൾക്കുമുന്‍പ് വാട്ടർ അഥോറിറ്റി അറിയിച്ചിരുന്നു. ഇതിനിടെയാണു മലക്കംമറിഞ്ഞ് ഇത്തരത്തിലൊരു മറുപടി കഴിഞ്ഞദിവസം ലഭിച്ചത്. വെള്ളം എവിടെനിന്നാണു കണ്ടെത്തുക എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഈ കത്തിലും വാട്ടര്‍ അഥോറിറ്റി തയാറായിട്ടില്ല.
നേരത്തേ സൂപ്രണ്ടിംഗ് എൻജിനിയര്‍ പറഞ്ഞത്, കിന്‍ഫ്രയ്ക്ക് കൊടുക്കുന്ന വെള്ളത്തില്‍നിന്നു മാത്രമേ ഒയാസിസിനും വെള്ളം കൊടുക്കുകയുള്ളൂ എന്നാണ്. എന്നാല്‍ ഇന്നലെ പറഞ്ഞതു മലമ്പുഴയിലെ വെള്ളം കൊടുക്കുന്നതില്‍ തെറ്റില്ല എന്നും. മലമ്പുഴയില്‍ എത്രത്തോളം വെള്ളമുണ്ട് എന്ന കാര്യത്തിലും വ്യക്തതമായ മറുപടി കത്തിലില്ല.