കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല: ചെന്നിത്തല
Saturday, January 25, 2025 2:18 AM IST
കോഴിക്കോട്ട്: കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അത്തരം ചര്‍ച്ചകള്‍ നടന്നതായി തനിക്കറിയില്ല. കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തില്‍ ആരും അതൃപ്തി അറിയിച്ചിട്ടില്ല. മാറ്റണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
“ഹൈക്കമാന്‍ഡ് എന്തു തീരുമാനിച്ചാലും അത് അംഗീകരിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ സര്‍വേ നടന്നതായി എനിക്ക് അറിയില്ല. സര്‍വേ നടന്നിട്ടില്ല എന്നാണ് എന്നോട് പ്രതിപക്ഷ നേതാവ് പറഞ്ഞത്’’- ചെന്നിത്തല വ്യക്തമാക്കി.
ടാറ്റയ്ക്കും ബിര്‍ളയ്ക്കും എതിരേ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം മുഖ്യമന്ത്രി പിണറായി വിജയന് മറന്നുവെന്നു ചെന്നിത്തല പറഞ്ഞു. “ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ല.
മദ്യനയത്തില്‍ മാറ്റം വരുത്തി അഴിമതിക്കേസില്‍പ്പെട്ട കമ്പനിക്ക് ബ്രൂവറി പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊക്കക്കോള കമ്പനിയെ കെട്ടുകെട്ടിക്കാന്‍ സമരം ചെയ്തവരാണ് ഇപ്പോള്‍ പ്ലാന്റ് കൊണ്ടുവരുന്നത്. കുടിക്കാന്‍ വെള്ളം ഇല്ലാത്ത സ്ഥലത്ത് പ്ലാന്റ് ഉണ്ടാക്കാനുള്ള തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണം.
പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പഞ്ചാബിലും ഡല്‍ഹിയിലും കേസുള്ള ഈ കമ്പനിയെ ആര് വിളിച്ചുകൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല.
മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണ് ഇതെന്ന് ഇന്നലത്തെ പ്രസംഗത്തില്‍നിന്നു വ്യക്തമാണ്. ബ്രൂവറി വിഷയത്തില്‍ സിപിഐ ഒളിച്ചുകളിക്കുകയാണ്. സിപിഐയുടെ നിലപാട് അറിയാന്‍ താത്പര്യമുണ്ട്”- ചെന്നിത്തല കൂട്ടിച്ചേർത്തു.