കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്
Saturday, January 25, 2025 2:51 AM IST
അദീപ് ബേബി
കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിനു സമീപം രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ആക്രമണകാരിയായ കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവായി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡാർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്ഒപി) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയശേഷം മയക്കുവെടിവച്ചോ കൂട് സ്ഥാപിച്ചോ പിടികൂടാനുള്ള ശ്രമങ്ങളാണു വനംവകുപ്പ് നടത്തുന്നത്.
മയക്കുവെടി വയ്ക്കാനാണ് ആദ്യം ശ്രമിക്കുക. ഇതു വിജയിച്ചില്ലെങ്കിൽ മാത്രമായിരിക്കും കടുവയെ വെടിവച്ചു കൊല്ലുക. രാധ കൊല്ലപ്പെട്ട സ്ഥലത്ത് വനം വകുപ്പ് കടുവയ്ക്കായി മൂന്നു കൂടുകൾ സ്ഥാപിച്ചു.
കടുവയ്ക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചു. ബന്ദിപ്പൂരിനും കേരളത്തിനും ഇടയ്ക്കുള്ള മേഖലയിലും തെരച്ചിൽ നടത്തും. കൂടുതൽ ആർആർടി സംഘത്തെ ഇതിനായി നിയോഗിച്ചു. നൂറോളം വരുന്ന സംഘമാണു പരിശോധന നടത്തുന്നത്.
തെർമൽ ഡ്രോണും തെരച്ചിലിനായി ഉപയോഗിക്കും. കടുവയെ മയക്കുവെടിവയ്ക്കുന്നതിന് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ എത്തി.