ആറളം ഫാമിൽ കാട്ടാന തെങ്ങ് മറിച്ചിട്ട് കുടിൽ തകർത്തു
Saturday, January 25, 2025 2:18 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ ബ്ലോക്ക് പതിമൂന്നിലെ പാലക്കുന്നിൽ തെങ്ങ് മറിച്ചിട്ട് ആദിവാസി ദന്പതികളുടെ കുടിൽ തകർത്തു. കാഴ്ചപരിമിതിയുള്ള ശ്രീധരൻ-റീന ദന്പതികളുടെ കുടിലാണു തകർത്തത്. ശ്രീധരനെ കണ്ണ് ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ റീനയും ആശുപത്രിയിലായിരുന്നു. അതുകൊണ്ടാണ് ദന്പതികൾ രക്ഷപ്പെട്ടത്.
ഏഴു വർഷത്തിലേറെയായി ബ്ലോക്ക് പതിമൂന്നിൽ കുടിൽകെട്ടി കഴിയുന്ന ഇവരെപ്പോലെ അറുപതിലധികം കുടുംബങ്ങൾ പുനരധിവാസ മേഖലയിൽ ഉണ്ടെന്നാണു കണക്ക്.
ബ്ലോക്ക് ഏഴിൽ ഇവർക്കു ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ കുടിവെള്ള ക്ഷാമവും ശ്രീധരന് കണ്ണിനു കാഴ്ചയില്ലാത്തതും കാരണമാണ് ഇവർ ബ്ലോക്ക് പതിമൂന്നിൽതന്നെ കഴിയുന്നത്. നൂറിലധികം ആനകൾ ചുറ്റിത്തിരിയുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരു ടാർപായയുടെ അടിയിലാണു കുടുംബം കഴിയുന്നത്.
ആറളം പുനരധിവാസ മേഖലയിലെ 1700 ഓളം താമസക്കാരും കാട്ടാന ഭീഷണിയിലാണ്. കഴിഞ്ഞദിവസം ബ്ലോക്ക് ഏഴിൽ കാട്ടാനകൾ വീട്ടുമുറ്റത്തെ ഷെഡും പട്ടിക്കൂടും തകർത്തിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഉളിക്കൽ അപ്പർ കാലാങ്കി മേലോത്തുംകുന്ന് മേഖലയിലും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
ചേക്കാതടത്തിൽ ചാക്കോയുടെ വിളവെടുപ്പിനു പാകമായ ഏക്കർ കണക്കിന് പച്ചക്കറിത്തോട്ടത്തിലെ വിളകൾ ഒന്നിലധികം ആനകൾ ചവിട്ടിയും വലിച്ചുപറിച്ചും നശിപ്പിക്കുകയായിരുന്നു.