മനുഷ്യർക്കു സംരക്ഷണം നൽകാത്ത ഭരണാധികാരികൾ ആവശ്യമില്ലെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Sunday, January 26, 2025 1:16 AM IST
കൊച്ചി: വന്യമൃഗങ്ങള്‍ക്കു കടിച്ചുകീറി ഭക്ഷിക്കാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ഭരണ നേതൃത്വങ്ങള്‍ ഈ നാടിന് ആവശ്യമില്ലെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
വന്യജീവികൾ കേരളത്തില്‍ ഓരോ ദിവസവും തുടര്‍ച്ചയായി മനുഷ്യജീവനുകളെടുത്തിട്ടും കണ്ണുതുറക്കാത്ത ഭരണാധികാരികള്‍ ജനാധിപത്യഭരണത്തിന് അപമാനമാണ്. രാജ്യത്തെ നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിനായാണ്. മൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം നിര്‍മിച്ചവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളെ സംരക്ഷിക്കാന്‍ വകുപ്പുകളില്ലെന്നുള്ള വാദം ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.
മൃഗങ്ങള്‍ മനുഷ്യനെ കടിച്ചു വലിച്ചുകീറി കൊല ചെയ്യുമ്പോള്‍ ജനങ്ങള്‍ ജീവിക്കാന്‍വേണ്ടി നിയമം കൈയിലെടുത്ത് ജനപ്രതിനിധികളെ തെരുവില്‍ തടയേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
സ്വന്തം ജനസമൂഹത്തിനു സംരക്ഷണകവചം ഒരുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന വിരോധാഭാസം വിലപ്പോവില്ല. അരാജകത്വവും ഭീതിയും മലയോര ജനജീവിതം സ്തംഭിപ്പിച്ചിരിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞു.