ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ കടയടപ്പു സമരമെന്ന് റേഷൻ വ്യാപാരികൾ
Saturday, January 25, 2025 2:51 AM IST
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സംഘടനകളുമായി മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. സാന്പത്തിക പ്രതിസന്ധി മൂലം വേതനപരിഷ്കരണ പാക്കേജ് ഇപ്പോൾ സർക്കാരിനു നടപ്പാക്കാനാകില്ലെന്നു ചർച്ചയിൽ മന്ത്രി അറിയിച്ചു.
എന്നാൽ, സാന്പത്തിക പ്രതിസന്ധിയുള്ളതു മനസിലാകുന്നുണ്ടെന്നും തങ്ങളുടെ ആവശ്യം എപ്പോൾ പരിഗണിക്കുമെന്ന് ഉറപ്പുനൽകാൻ സർക്കാരിനു കഴിയുമോയെന്നും സംഘടനാ നേതാക്കൾ ചോദിച്ചു. ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തമായി മറുപടി പറയാൻ കഴിയില്ലെന്നു മന്ത്രി പറഞ്ഞതോടെ തിങ്കളാഴ്ച മുതൽ കടകളടച്ചുള്ള സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികളുടെ സംഘടനകൾ തീരുമാനിച്ചു.
റേഷൻ കടകളിലേക്കു സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ സ്ഥലപരിമിതിയുള്ള കടകളിൽ ഈ മാസം ആദ്യം മുതൽസാധനങ്ങളുടെ ദൗർലഭ്യം ഉണ്ടായിരുന്നു.
ഇപ്പോൾ കടകൾ അടച്ചിട്ടുള്ള സമരവുംകൂടിയാകുന്നതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാകും. വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ജി.ആർ.അനിലുമായി റേഷൻ വ്യാപാരി സംഘടനകൾ നടത്തിയ ചർച്ച നേരത്തേ പരാജയപ്പെട്ടിരുന്നു.