വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
Saturday, January 25, 2025 2:51 AM IST
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ ആദിവാസിസ്ത്രീക്കു ദാരുണാന്ത്യം. മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലി തറാട്ട് രാധ (47)ആണ് കൃഷിയിടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണു സംഭവം.
കുടുംബസുഹൃത്തിന്റെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോകുന്നതിനിടെ പഞ്ചാരക്കൊല്ലി പ്രിയദർശിനി രണ്ടാം ബ്ലോക്കിലെ സ്വകാര്യ തോട്ടത്തിലാണു കടുവയുടെ ആക്രമണമുണ്ടായത്.വനത്തിൽ പതിവു പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നോടെ തണ്ടർബോൾട്ട് സംഘമാണു മൃതദേഹം കണ്ടത്.
ചെരിപ്പും രക്തക്കറയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏകദേശം ഇരുനൂറു മീറ്റർ അകലെ വനത്തിൽ കടുവ പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. മുഖവും കഴുത്തും ശരീരത്തിന്റെ പല ഭാഗങ്ങളും കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
തണ്ടർബോൾട്ട് സംഘം വിവരമറിയിച്ചതിനെത്തുടർന്ന് തലപ്പുഴ സ്റ്റേഷൻ പരിധിയിലുള്ള പോലീസാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാർട്ടിൻ ലോവലിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി.
കടുവ ആക്രമണത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും രാധയുടെ ബന്ധുക്കൾക്കു ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട നാട്ടുകാർ മൃതദേഹം വനപ്രദേശത്തുനിന്നു മാറ്റുന്നതു തടഞ്ഞു.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ. കേളു പ്രദേശവാസികളുമായി സംസാരിച്ചതിനെത്തുടർന്ന് മൃതദേഹം വനത്തിൽനിന്നു മാറ്റി പ്രിയദർശിനി എസ്റ്റേറ്റ് ഓഫീസിലെത്തിച്ചു. ഇവിടെ ഏറെ നേരം പ്രതിഷേധമുണ്ടായെങ്കിലും നരഭോജിക്കടുവയെ വെടിവച്ചു കൊല്ലുമെന്നും കുടുംബത്തിനു 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർജോലി നൽകുമെന്നും അറിയിച്ചതിനെത്തുടർന്നാണ് ഉച്ചകഴിഞ്ഞ് രണ്ടരയോടെ പ്രതിഷേധം അവസാനിച്ചത്.
മൃതദേഹം പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേദേഹം പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ സൂക്ഷിച്ചു. ഇന്നു രാവിലെ എട്ടിനു മൃതദേഹം സ്വവസതിയിൽ എത്തിക്കും.
രാവിലെ പത്തിനു പഞ്ചാരകൊല്ലി പൊതു ശ്മശാനത്തിൽ സംസ്കരിക്കും. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യയാണു രാധ. അനിൽ, അനീഷ എന്നിവർ മക്കളാണ്.