റദ്ദാക്കിയ ടിക്കറ്റുമായി ടെർമിനലിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശി പിടിയിൽ
Saturday, January 25, 2025 2:17 AM IST
നെടുമ്പാശേരി: റദ്ദാക്കിയ ടിക്കറ്റുമായി നെടുന്പാശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ പ്രവേശിച്ചയാളെ സുരക്ഷാവിഭാഗം പിടികൂടി. ആലപ്പുഴ സ്വദേശി ജോസഫ് മാത്യുവാണു പിടിയിലായത്.
ഇയാൾ എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു പോകുന്നതിനായി നേരത്തേ ടിക്കറ്റ് എടുക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. ഇയാളുടെ മാതൃസഹോദരൻ റെജിയെ ദുബായിലേക്കു യാത്രയാക്കുന്നതിന് അനധികൃതമായി രാജ്യാന്തര ടെർമിനലിൽ ഈ ടിക്കറ്റുമായി പ്രവേശിക്കുകയായിരുന്നു.
വീൽ ചെയറിലായിരുന്ന ബന്ധുവിനെ സഹായിക്കാനാണു ടെർമിനലിൽ പ്രവേശിച്ചതെന്നാണ് പോലീസിനോട് ജോസഫ് പറഞ്ഞത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.