മന്ത്രി കേളുവിനു നേരേ ജനരോഷം
Saturday, January 25, 2025 2:18 AM IST
കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ടതിനെത്തുടർന്ന് മാനന്തവാടിയിൽ വ്യാപക പ്രതിഷേധം. മാനന്തവാടി താലൂക്കിലെ പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപമാണ് കടുവയുടെ ആക്രമണമുണ്ടായത്.
ഇതേത്തുടർന്നാണ് സ്ഥലത്ത് നാട്ടുകാർ ശക്തമായ പ്രതിഷേധമുയർത്തിയത്. നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി പ്രിയദർശിനി എസ്റ്റേറ്റിന് സമീപം തടിച്ചുകൂടിയത്.
കടുവയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാധയുടെ മൃതദേഹം തുടർനടപടികൾക്കായി കൊണ്ടുപോകുന്നതും നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ സ്ഥലം എംഎൽഎയും പട്ടികജാതി പട്ടികവർഗ മന്ത്രിയുമായ ഒ.ആർ. കേളുവിനെതിരേ ജനരോഷം ഉയർന്നു. മന്ത്രിയെയും ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു.
കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളുമായി പിന്നീട് മന്ത്രി ചർച്ച നടത്തി. കടുവയെ വെടിവച്ചു കൊല്ലുമെന്നും വന്യമൃഗ ആക്രമണങ്ങൾ തടയാൻ വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
നരഭോജികളുടെ കൂട്ടത്തിൽപ്പെടുത്തിയാണ് കടുവയെ വെടിവച്ചു കൊല്ലാൻ തീരുമാനിച്ചതെന്നും വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും സ്ഥലത്ത് ഉടൻ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സർക്കാർ 11 ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.