കാറിൽ സഞ്ചരിച്ച യുവതിയെ തീ കൊളുത്തി കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
Wednesday, December 4, 2024 2:50 AM IST
കൊല്ലം: കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ അനിലയെയും, അനിലയ്ക്കൊപ്പം കട നടത്തിവരുന്ന സഹപ്രവർത്തകനെയും ഭർത്താവ് കാർ തടഞ്ഞു നിർത്തി തീ കൊളുത്തി. ഭാര്യ മരിച്ചു. സഹപ്രവർത്തകൻ പൊള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയിൽ.
കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. അനിലയുടെ സഹപ്രവർത്തകൻ സോണി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. അനിലയുടെ ഭർത്താവ് പത്മരാജനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 9.30 ഓടെ ചെമ്മാംമുക്കിലാണ് സംഭവം. ഒമ്നി കാറിലെത്തിയ പദ്മരാജൻ വാഹനത്തിൽ പെട്രോൾ കരുതിയിരുന്നു. ഇയാളുടെ ഒമ്നി വാൻ കാറിന് കുറുകെയിട്ട ശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരു വാഹനങ്ങളിൽനിന്നും തീ ആളിപ്പടർന്നു.
ഇതിനിടയിൽ ഒമ്നിയിൽനിന്ന് പദ്മരാജൻ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങളിലെ തീ കെടുത്തിയത്. ഓടിക്കൂടിയ വഴിയാത്രക്കാരും പോലീസുകാരും ചേർന്ന് പൊള്ളലേറ്റ ഇരുവരെയും ആശുപതിയിലെത്തിച്ചെങ്കിലും അനില മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
പത്മരാജന്റെ രണ്ടാം ഭാര്യയാണ് അനില . ആദ്യഭാര്യ മരിച്ചതിന് ശേഷമാണ് പത്മരാജൻ അനിലയെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട്.
കൊല്ലത്ത് സ്വകാര്യ ആശുപത്രിക്കു സമീപമാണ് അനിലയുടെ കട. കട പൂട്ടി സഹപ്രവർത്തകനുമൊത്ത് കാറിൽ വീട്ടിലേക്കു പോകുമ്പോഴാണ് പത്മരാജൻ കാർ തടഞ്ഞുനിർത്തി തീ വച്ചത്.
അതേസമയം, സോണിയെ ആക്രമിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും മറ്റൊരു യുവാവായിരുന്നു ലക്ഷ്യമെന്നും പദ്മരാജൻ പോലീസിനോട് പറഞ്ഞു. പാർട്ണർഷിപ്പിൽ കട നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണ കാരണമെന്നു പറയുന്നു.