അപകടത്തിലേക്കു നയിച്ചത് ഓവർലോഡും പരിചയക്കുറവും
Wednesday, December 4, 2024 2:50 AM IST
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തിന് മുഖ്യമായും നാലു കാരണങ്ങളാണെന്ന് മോട്ടോർവാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപ്പഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ നാലു ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് ആര്‍ടിഒ എ.കെ. ദിലു പറഞ്ഞത്.
കൂടുതൽ പേര് വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. ഇടിയുടെ ആഘാതം മുഴുവൻ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു.പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു.
വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വന്നു. അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു. തെറിച്ചുപോയിരുന്നെങ്കിൽ ആഘാതം കുറയുമായിരുന്നു.
മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. 14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. അതിനാൽതന്നെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീൽ ലോക്കായി. അങ്ങനെ സംഭവിച്ചാൽ വാഹനം ചെരിയും. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകും.
അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും. മഴ വന്നതിനാൽ അവിടെ വെള്ളക്കെട്ട് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും ആര്‍ടിഒ പറഞ്ഞു.
മഴയുടെ ബുദ്ധിമുട്ട് അപകടകാരണമായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്നും അപകട സാധ്യതയുള്ള സ്ഥലമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്എപി എ. സുനിൽ രാജ് പറഞ്ഞു. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേയും കേസെടുത്തു.
കണ്ടു കൊതിതീരുംമുമ്പേ മരണത്തിന് മഞ്ചലിൽ...
ആലപ്പുഴ: കണ്ട് കൊതി തീർന്നും സൗഹൃദങ്ങൾ പങ്കുവച്ചു കഴിയുന്നതിനു മുൻപേ അവർ വിടവാങ്ങി. വൈദ്യപഠനത്തിനായി 45 ദിവസം മുൻപാണ് വിദ്യാർഥികൾ ആലപ്പുഴ മെഡിക്കൽ കോളജ് കാമ്പസിലെത്തിയത്.
പലരും പരിചയപ്പെട്ട് തുടങ്ങിയതേയുള്ളൂ. ഇതിനിടയിലാണ് ദുരന്തം വിതച്ച് അപകടമെത്തിയത്. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന അഞ്ച് പ്രിയ കൂട്ടുകാർ കണ്ണടച്ച് തുറക്കും മുൻപ് ഈ ലോകത്തോടു വിടപറഞ്ഞത് ഇനിയും ഇവർക്ക് താങ്ങാനായിട്ടില്ല.
പൊതുദർശനത്തിനായി മെഡിക്കൽ കോളജ് പ്രവേശന കവാടത്തിൽ അഞ്ച് മൃതദേഹങ്ങൾ വെള്ളവിരിച്ച് കിടത്തിയപ്പോൾ സഹപാഠികളുടെയും അധ്യാപകരുടെയും തേങ്ങലടക്കാനായില്ല. പൊട്ടിക്കരഞ്ഞാണ് പ്രിയ കൂട്ടുകാരെ ഇവർ അവസാനമായി കണ്ടത്.