കുട്ടനാട്ടിലെ കൃഷിനാശം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ തോമസ് തറയില്‍
Wednesday, December 4, 2024 2:50 AM IST
ചങ്ങനാശേരി: അതിതീവ്ര മഴയുടെ ഭാഗമായി ഉണ്ടായിട്ടുള്ള വെള്ളപ്പൊക്കംമൂലം കുട്ടനാട്ടില്‍ മടവീഴ്ചയും സാരമായ കൃഷിനാശവും സംഭവിക്കുന്നുവെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
ജനത്തെ അന്നമൂട്ടുന്ന കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അര്‍ഹമായ നഷ്ടപരിഹാരം അടിയന്തരമായി പ്രഖ്യാപിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
മുട്ടാര്‍ മിത്രക്കരി പ്രദേശത്തും മറ്റു പലയിടങ്ങളിലും വെള്ളപ്പൊക്കംമൂലം മുഴുവന്‍ നെല്‍കൃഷിയും നശിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ മൂന്നു കൃഷി നശിച്ചതിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകുന്നതിനു മുമ്പാണ് പുതിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
പല പാടശേഖരങ്ങളിലും കളനാശിനിയും ഒന്നാംവളവും പ്രയോഗിച്ചു കഴിഞ്ഞതിനു ശേഷമാണ് ഈ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്ന കുട്ടനാട്ടിലെ ജനസമൂഹത്തിന് അപ്രതീക്ഷിതമായി പെയ്ത അതിതീവ്രമഴ വരുത്തിയത് വലിയ നാശനഷ്ടങ്ങളും സാമ്പത്തിക ബാധ്യതയുമാണ്.
ഈ അവസരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കര്‍ഷകര്‍ക്ക് ആവശ്യമായ ധനസഹായവും സാങ്കേതിക സഹായങ്ങളും നല്‍കണമെന്നും മാര്‍ തോമസ് തറയില്‍ അഭ്യര്‍ഥിച്ചു.