അനധികൃതമായി എത്തിച്ച പക്ഷികളെ തിരിച്ചയച്ചു
Wednesday, December 4, 2024 2:50 AM IST
നെടുമ്പാശേരി: കേരളത്തിലെ വീടുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വളർത്തുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി എത്തിക്കുന്നതിനിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയ അപൂർവയിനം പക്ഷികളെ തായ്ലൻഡിലേക്കു തിരിച്ചയച്ചു.
തിങ്കളാഴ്ചയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശപക്ഷികളെ കൊച്ചി എയർ കസ്റ്റസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
ഈ പക്ഷികളെ നടപടികൾ പൂർത്തീകരിച്ച് ഇന്നലെ പുലർച്ചെയാണ് തായ് എയർവേസിൽ തിരിച്ചയച്ചത്. തായ്ലൻഡിലെ അനിമൽ ക്വാറന്റൈൻ അഥോറിറ്റീസ് അധികൃതർ പക്ഷികളെ ഏറ്റുവാങ്ങി.
വനംവകുപ്പിലെ വിദഗ്ധർ നിർദേശിച്ചതു പോലെ പക്ഷികളുടെ അവിട ത്തെ ആവാസ വ്യവസ്ഥകൾക്കനുസൃതമായി ആഹാരവും കാര്യങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകി അവയെ പരിപാലിച്ചു. പിന്നീട് വനം വകുപ്പധികൃതർ വിശദമായി പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തു. വായു കടക്കാവുന്ന രീതിയിൽ പായ്ക്ക് ചെയ്താണ് അയച്ചത്.
ഇവയെ കടത്താൻ ശ്രമിച്ച തിരുവനത്തുപരം സ്വദേശികളായ ബിന്ദുമോൾ, ശരത് എന്നിവരെ കോടതിയിൽ ഹാജരാക്കി ഈ മാസം17വരെ റിമാൻഡ് ചെയ്തു.