ഭക്ഷ്യസുരക്ഷാ പരിശോധന: തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് കോടതി
Wednesday, December 4, 2024 2:50 AM IST
കൊച്ചി: ശബരിമലയില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനയുടെ പേരില്‍ തീര്‍ഥാടകര്‍ക്ക് വ്യാപാരികളുടെ ഭാഗത്തുനിന്നു ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി.
സ്പെഷല്‍ സ്ക്വാഡിന്റെ പരിശോധന തുടര്‍ന്നാല്‍ കടകള്‍ അടച്ചിടുമെന്ന ഭീഷണിയുമായി നിലയ്ക്കലിലെ കച്ചവടക്കാര്‍ സംഘടന രൂപവത്കരിച്ച് പത്തനംതിട്ട ജില്ലാ കളക്ടറെ സമീപിച്ച പശ്ചാത്തലത്തിലാണു ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയത്.
പരിശോധനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരശാലകളില്‍നിന്ന് 3.7 ലക്ഷം രൂപ പിഴ ഈടാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഭക്ഷ്യസുരക്ഷ പാലിക്കാത്തതിനാല്‍ സന്നിധാനത്തെ വ്യാപാരശാലകളില്നിന്നു കഴിഞ്ഞ 24 മുതല്‍ 28വരെ 1.5 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. പമ്പയില്‍ 70,000 രൂപയും നിലയ്ക്കലില്‍ 1.5 ലക്ഷവും ഈടാക്കി. തുടര്‍ന്നാണ് വ്യാപാരികളുടെ ഭീഷണിയെക്കുറിച്ച് അറിയിച്ചത്.