ജനസമുദ്രമായി മോർച്ചറി വളപ്പ്
Wednesday, December 4, 2024 2:50 AM IST
ആലപ്പുഴ: ജനസമുദ്രമായി മാറി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി വളപ്പ്. വാഹനാപകടത്തിൽ മരണമടഞ്ഞ മെഡിക്കൽ വിദ്യാർഥികളുടെ പോസ്റ്റ്മോർട്ടം ഇവിടെയാണ് നടന്നത്. മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ അപകടം നടന്ന കളർകോടും വൻ ജനാവലിയാണെത്തിയത്.
രാവിലെ മുതൽ മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരടക്കം നൂറുകണക്കിന് ആളു കളാണ് മോർച്ചറിയിലെത്തിയത്.
പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങിയ ശേഷമാണ് മരണമടഞ്ഞ ചില വിദ്യാർഥികളുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഉറ്റവർ എത്തിച്ചേർന്നത്. മോർച്ചറിയിൽ ചേതനയറ്റ് കിടക്കുന്ന മക്കളുടെ മൃതദേഹങ്ങൾ കണ്ട് നിലവിളിയോടെയാണ് ഇവർ പുറത്തിറങ്ങിയത്.
ആദ്യം ആയുഷിന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ആംബുലൻസിലേക്കു കയറ്റിയത്. ഇതിനു ശേഷം മറ്റു നാലു പേരുടെയും മൃതദേഹങ്ങൾ ഓരോ ആംബുലൻസിൽ കയറ്റി.
പിന്നീട് ബന്ധുക്കളുടെയും വിദ്യാർഥികളുടെയുമൊക്കെ വാഹനങ്ങളുടെ അകമ്പടിയിൽ പോലീസ് കാവലിലാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളജിലെത്തിച്ചത്.