സിഎച്ച്ആർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും
Wednesday, December 4, 2024 2:50 AM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: കാർഡമം ഹിൽ റസർവ് ( സിഎച്ച്ആർ-ഏലമല പ്രദേശം) വനഭൂമിയാണെന്നും ഇവിടെയുള്ള കർഷകരെ കുടിയൊഴിപ്പിക്കണമെന്നുമുള്ള പരിസ്ഥിതി സംഘടനയുടെ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
കഴിഞ്ഞ ഒക്ടോബർ 24ന് സിഎച്ച്ആറിലെ പട്ടയവിതരണവും ഭൂമിയുടെ വാണിജ്യ ഉപയോഗം നിരോധിക്കുകയും ചെയ്ത് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതിനു ശേഷമാണ് ഇന്ന് കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കുന്നത്.
ഒക്ടോബർ 23ന് ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം ഇന്ന് കോടതി പരിഗണിച്ചേക്കും. അന്ന് കേസ് പരിഗണിച്ചപ്പോൾ അടുത്ത ഹിയറിംഗിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി വാക്കാൽ അറിയിച്ചിരുന്നു.
അതിനാൽ ഇന്നു മുതൽ കേസിൽ വിശദമായ വാദം ഉണ്ടായേക്കുമെന്നാണ് ഇടുക്കിക്കാരുടെ പ്രതീക്ഷ. അങ്ങനെ സംഭവിക്കാതിരിക്കുകയും കേസ് മാറ്റുകയും ചെയ്താൽ സിഎച്ച് ആറിലെ ലക്ഷക്കണക്കിനു ഭൂ ഉടമകൾ കുടിയിറക്കിന്റെ നാളുകളിലേക്ക് വലിച്ചെറിയപ്പെടും.
നിലവിൽ സിഎച്ച് ആറിൽ പട്ടയവിതരണവും വാണിജ്യ ആവശ്യങ്ങൾക്കുള്ള ഉപയോഗവും ഒക്ടോബർ 24ലെ ഉത്തരവിലൂടെ സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. 2019ലെ സർക്കാർ വിജ്ഞാപനമനുസരിച്ച് ഇടുക്കി ജില്ലയിലെ ഏഴു വില്ലേജുകളിൽ (എട്ടു വില്ലേജുകളായിരുന്നത് 2023ൽ ആനവിലാസം വില്ലേജിനെ നിരോധനത്തിൽനിന്ന് സർക്കാർ ഒഴിവാക്കി വിജ്ഞാപന മിറക്കിയിരുന്നു) വാണിജ്യ ഉപയോഗത്തിനും വിലക്കുണ്ട്.
ആനവിലാസം വില്ലേജ് ഉൾപ്പെടെ ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുന്പൻചോല താലൂക്കുകളിലാണ് സിഎച്ച് ആർ എന്ന് പരിഗണിച്ച് പട്ടയം വിതരണവും വാണിജ്യ ഉപയോഗവും നിരോധിച്ചിരിക്കുന്നത്. ഇന്ന് പരിഗണനയ്ക്ക് എടുക്കുന്ന കേസ് തുടർവിചാരണ നടത്തി അന്തിമവിധി ഉണ്ടാകാതെവന്നാൽ നിലവിലുള്ള നിരോധനങ്ങൾ നിലനിൽക്കുകയും ഇടുക്കി ജില്ലയുടെ നാലു താലൂക്കുകളിൽ തൊടുപുഴ ഒഴികെയുള്ള ഭൂ പ്രദേശം വനത്തിന്റെ അവസ്ഥയിലാകും. ( ഉടുബൻചോല താലൂക്ക് വിഭജിച്ചാണ് പുതിയ ഇടുക്കി താലൂക്ക് രൂപീകരിച്ചത്. അതിനാൽ കോടതി ഉത്തരവ് ഇടുക്കി താലൂക്കിനും ബാധകമാകും.)
കേരള സർക്കാർ ഉണർന്നില്ലെങ്കിൽ ഇടുക്കി ഇരുട്ടിലാകും
ഇന്ന് കേസ് പരിഗണിച്ച് വിശദമായവാദം കേൾക്കാൻ കോടതി തയാറായൽ പന്ത് സർക്കാർ അഭിഭാഷകന്റെ കോർട്ടിലാണ്.
കേസിൽ കക്ഷി ചേർന്നിട്ടുള്ള ഏലം കർഷക സംഘടനകളുടെ അഭിഭാഷകരും കേസിൽ തർക്കത്തിനായി തയാറായിട്ടുണ്ട്. കർഷകപക്ഷം കോടതിയെ ബോധ്യപ്പെടുത്തുകയെന്നതാണ് ശ്രമകരമായ ദൗത്യം.
സുപ്രീംകോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ടും സുപ്രീംകോടതിയുടെ അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടും നിലപാടുകളും കർഷകർക്കെതിരാണ്. ആ എതിർപ്പിനെ മറികടക്കാൻ കഴിയണം.