ഡോക്ടറാവാന്‍ കടല്‍ കടന്നെത്തിയ മുഹമ്മദ് ഇബ്രാഹിമിന് മറുകരയില്‍ അന്ത്യവിശ്രമം
Wednesday, December 4, 2024 2:50 AM IST
കൊച്ചി: ആലപ്പുഴ വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ലക്ഷദ്വീപ്, പാക്കര്ക്കിയപ്പുര വീട്ടില്‍ മുഹമ്മദ് നസീര്‍-മുംതാസ് മകന് മുഹമ്മദ് ഇബ്രാഹിമി(19)ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം. നാട്ടുകാരും സുഹൃത്തുക്കളുമായി നൂറുകണക്കിനു പേരാണു കബറടക്ക ചടങ്ങില്‍ നിറകണ്ണുകളുമായി പങ്കെടുത്തത്.
ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെയും കവരത്തിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മുംതാസിന്റെയും മകനാണു മുഹമ്മദ് ഇബ്രാഹിം. ഡോക്ടറാവുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായാണ് ഇബ്രാഹിം കേരളത്തിലേക്ക് കപ്പല്‍ കയറിയത്.
98 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച ഇബ്രാഹിം ആദ്യ പരിശ്രമത്തില്‍ തന്നെ നീറ്റില്‍ മികച്ച റാങ്ക് നേടി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടിയതോടെ വലിയൊരു സ്വപ്നം കൈപ്പിടിയിലൊതുക്കാന്‍ ലക്ഷദ്വീപില്‍നിന്നു വീണ്ടും കപ്പല്‍ കയറിയതാണ്.
ഇന്നലെ ആലപ്പുഴയില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്കു രണ്ടരയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ മൃതദേഹം എത്തിച്ചു. ലക്ഷദ്വീപില്‍നിന്നു പിതാവ് മുഹമ്മദ് നസീറും മാതാവ് മുംതാസും മകനെ അവസാനമായി കാണാനായി ഇന്നലെ കൊച്ചിയിലെത്തിയിരുന്നു.
ഇബ്രാഹിമിന്റെ സഹോദരന് നാലാം ക്ലാസുകാരന് മുഹമ്മദ് അഷ്ഫാക്കും ഒപ്പമുണ്ടായിരുന്നു. കോട്ടക്കല്‍ യൂണിവേഴ്സല്‍ പബ്ലിക് സ്കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും എറണാകുളത്ത് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.