ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത
Wednesday, December 4, 2024 2:50 AM IST
തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് അഭയമായി മാറേണ്ട സംസ്ഥാന ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത.
രണ്ടര വയസുകാരിയായ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താലാണു കുഞ്ഞിനു നേരേ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരത ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട്, കുഞ്ഞിനെ സ്ഥിരമായി പരിചരിച്ചു വരുന്ന മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു.
കരിമഠം സ്വദേശി അജിത, കല്ലന്പലം സ്വദേശി സിന്ധു , ശ്രീകാര്യം സ്വദേശി മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ ജുവനൈൽ ജസ്റ്റീസ്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ഒരാഴ്ച മുൻപ് ശിശുക്ഷേമ സമിതിയിൽ എത്തിച്ച രണ്ടര വയസുള്ള പെണ്കുഞ്ഞാണു ക്രൂരതയ്ക്കിരയായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ ഉപദ്രവിച്ചതായി കണ്ടെത്തിയത്. കുട്ടിയെ കുളിപ്പിച്ച സമയത്ത് ജനനേന്ദ്രിയത്തിൽ നീറ്റൽ അനുഭവപ്പെട്ടതോടെയാണു വിശദപരിശോധന നടത്തിയത്. ക്രഷ് ജീവനക്കാരിയാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാരി ശിശുക്ഷേമ സമിതി അധികൃതരെ അറിയിക്കുകയായിരുന്നു.
ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി പോലീസിൽ പരാതി നല്കിയതിനെത്തുടർന്ന് മ്യൂസിയം പോലീസെത്തി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ ഉപദ്രവിച്ച കാര്യം വ്യക്തമായത്. ഇതേത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റു രണ്ടു പേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവച്ചെന്നതിനാണു കേസ്. സംഭവത്തിനു പിന്നാലെ കഴിഞ്ഞയാഴ്ച ജോലിയിൽ ഉണ്ടായിരുന്ന ഏഴ് ആയമാരെ പിരിച്ചുവിട്ടു.
കുഞ്ഞിനു നേരേ കൊടും ക്രൂരത നടത്തിയ അഞ്ച് ആയമാരും വർഷങ്ങളായി ശിശുക്ഷേമസമിതിയിൽ ജോലി ചെയ്യുന്നവരാണ്. മർദനമേറ്റ കുഞ്ഞിനു വൈദ്യസഹായം നല്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുട്ടിക്കു നേരേ നടത്തിയ ക്രൂരത വെളിപ്പെട്ടത്.
മാതാപിതാക്കൾ മരണപ്പെട്ടതിനെത്തുടർന്ന് ശിശുക്ഷേമസമിതിയിൽ എത്തിച്ച സഹോദരങ്ങളിൽ ഇളയ കുഞ്ഞിനു നേരേയാണു ക്രൂരത നടന്നത്. അഞ്ചു വയസുകാരിയായ സഹോദരിയെയും ശിശുക്ഷേമസമിതിയിലാണ് പാർപ്പിച്ചിട്ടുള്ളത്. കിടക്കയിൽ മൂത്രമൊഴിക്കുന്നു എന്ന കാരണത്തിൽ കുഞ്ഞിനെ നുള്ളി പരിക്കേല്പിക്കുകയായിരുന്നു.
നഖമുപയോഗിച്ച് ശരീരത്തിലും ജനനേന്ദ്രിയത്തിലും നുള്ളി മുറിവേൽപ്പിച്ചതായാണ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.