ഇഎസ്എ അന്തിമറിപ്പോർട്ട്; സർക്കാർ നീതി പുലർത്തണം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Wednesday, December 4, 2024 2:50 AM IST
കൊച്ചി: ഇഎസ്എ അന്തിമവിജ്ഞാപനവുമായി ബന്ധപ്പെട്ടു കേരളത്തിലെ ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിച്ചു സുതാര്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന്സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെ കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾക്ക് ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇഎസ്എ മാപ്പുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്.
കോടതി ഉത്തരവായിട്ടും ഇതുവരെ കരട് വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതു പ്രതിഷേധാർഹമാണ്.
98 വില്ലേജുകളിലെ റിസർവ് ഫോറസ്റ്റ് വിസ്തൃതിയായി സർക്കാർ ഇപ്പോൾ ശിപാർശ ചെയ്തിരിക്കുന്നു എന്നു പറയുന്ന 8590.69 ചതുരശ്ര കിലോമീറ്റർ ഇഎസ്എ എന്നത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെയും 2018ൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് അടക്കമുള്ള രേഖകളിലെയും തെറ്റുകളുടെ ആവർത്തനമാണ്.
കരട് വിജ്ഞാപനങ്ങളിൽ നൽകിയിട്ടുള്ള 9,107 ചതുരശ്ര കിലോമീറ്റർ ഫോറസ്റ്റ്, 123 വില്ലേജുകളിലെ ഫോറസ്റ്റ് ഏരിയ എന്ന തെറ്റായ വിസ്തൃതി തിരുത്തി നൽകാൻ സംസ്ഥാന സർക്കാരുകൾ കാണിച്ച അമാന്തത്തിന്റെ തുടർച്ചയാണിത്.
എത്രയും പെട്ടെന്ന് ഇതു തിരുത്താൻ സർക്കാർ തയാറാവണം. ഒരു മാസം മുൻപ് സർക്കാർ നൽകിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് ഗ്രാമസഭകളിൽ ചർച്ച ചെയ്തിട്ടില്ല.
ഇതും അടിയന്തരമായി ഗ്രാമസഭകളിൽ ചർച്ച ചെയ്തു തെറ്റു തിരുത്തണം. ഇപ്പോഴത്തെ റിപ്പോട്ടിലും റവന്യൂ വില്ലേജുകളുടെ പേരിൽ ആണോ ഇഎസ്എ ഏരിയ അറിയപ്പെടുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം. ആണെങ്കിൽ അതു തിരുത്തി നല്കാൻ തയാറാകണം. സംസ്ഥാന സർക്കാർ സമർപ്പിച്ചു എന്നവകാശപ്പെടുന്ന അവസാന റിപ്പോർട്ട് എന്തുകൊണ്ടാണു പൊതുജനങ്ങൾക്കു ലഭ്യമാക്കാത്തത് എന്നു വ്യക്തമാക്കണം.
2018 ൽ സംസ്ഥാന സർക്കാർ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ നൽകിയ 92 വില്ലേജുകളുടെ ഇഎസ്എ റിപ്പോർട്ട് കേന്ദ്രം അംഗീകരിക്കാതെ വന്ന സാഹചര്യത്തിൽ പുതിയ റിപ്പോർട്ട് നൽകുന്നതിനു പകരം 123 വില്ലേജുകളെ 131 വില്ലേജുകളായി വിഭജിച്ച് വർധിപ്പിച്ചു കാണിച്ച് 2018ലെ അതേ റിപ്പോർട്ടിൽ ആറു വില്ലേജുകൾകൂടി ഉൾപ്പെടുത്തി 98 വില്ലേജുകളായി വീണ്ടും സമർപ്പിച്ച് റിപ്പോർട്ട് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമമാണു നടന്നുകൊണ്ടിരിക്കുന്നത്.
മലബാർ മേഖലയിൽ അടക്കം 20 ശതമാനത്തിൽ താഴെ വനവും നൂറിലധികം ജനസാന്ദ്രതയും ഉള്ള നിരവധി വില്ലേജുകളെ, സമാന രീതിയിലുള്ള മറ്റു വില്ലേജുകളെ 2018ലെ റിപ്പോർട്ടിൽ ഒഴിവാക്കിയതുപോലെ, ഒഴിവാക്കാതെ ഇഎസ്എ ആയി നിലനിർത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടി അവസാനിപ്പിക്കണം.
മറ്റു സംസ്ഥാനങ്ങളൊന്നും അന്തിമവിജ്ഞാപനം ആവശ്യപ്പെടാത്ത സാഹചര്യത്തിൽ കേരളം മാത്രം, സംഭവിച്ച തെറ്റുകൾ തിരുത്തി അന്തിമറിപ്പോർട്ട് നൽകാതെ, തിടുക്കത്തിൽ പാർലമെന്റിൽ കേരളത്തിനായി പ്രത്യേക വിജ്ഞാപനം ആവശ്യപ്പെടുന്നത് നിരവധി സംശയങ്ങൾക്ക് ഇടവരുത്തുന്നു.
മലയോര മേഖലയിലെ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നു നീതിപൂർണമായ സമീപനം പ്രതീക്ഷിക്കുന്നതായും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറഞ്ഞു.