കരുവന്നൂർ: ഹൈക്കോടതി പരാമർശം ഇഡിക്കു തിരിച്ചടി
Wednesday, December 4, 2024 2:50 AM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകേസിൽ ഒരുവർഷത്തിലേറെയായി ജയിലിലായിരുന്ന രണ്ടു പേർക്കു ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ പരാമർശം ഇഡിക്കു തിരിച്ചടി. ഇതിനെതിരേ സുപ്രീംകോടതിയിൽ നിയമനടപടിയുമായി പോകാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കരുവന്നൂർ കേസിൽ പ്രതികളായ വടക്കാഞ്ചേരി നഗരസഭാ കൗണ്സിലർ പി.ആർ. അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസിനും ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേ ഇഡി അപ്പീൽ നൽകും.
അരവിന്ദാക്ഷനും ജിൽസിനും തിങ്കളാഴ്ചയാണു ഹൈക്കോടതി ജാമ്യം നൽകിയത്. അരവിന്ദാക്ഷനും ജിൽസും കുറ്റം ചെയ്തിട്ടില്ലെന്നു കരുതാൻ മതിയായ കാരണങ്ങളുണ്ടെന്നും ഈ സാഹചര്യത്തിലാണു രണ്ടു പ്രതികൾക്കും ജാമ്യം നൽകുന്നതെന്നും ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. ഇതാണ് ഇഡിക്കു തിരിച്ചടിയായത്. മുന്നോട്ടുള്ള ഇഡിയുടെ അന്വേഷണത്തിൽ ഇതു വലിയ പ്രശ്നമാകുമെന്ന് ഇഡി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സാധാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ കേസിന്റെ മെറിറ്റിലേക്കു കടക്കാറില്ലെന്നും എന്നാൽ ഹൈക്കോടതിയുടെ പരാമർശം കേസ് കീഴ്കോടതിയിൽ പരിഗണിക്കുന്പോൾ കേസിന്റെ മുന്നോട്ടുള്ള പോക്കിനു തടസമാകുമെന്നും ഇഡി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് ഇത്തരമൊരു പരാമർശമെന്നതിന്റെ അടിസ്ഥാനകാരണങ്ങൾ കോടതി പറഞ്ഞിട്ടില്ല. ജാമ്യ ഉത്തരവിലെ ഈ പരാമർശങ്ങൾ നീക്കണമെന്ന് ഇഡി സുപ്രീംകോടതിയിൽ ആവശ്യമുന്നയിക്കും.
ബന്ധപ്പെട്ട കുറ്റങ്ങളിൽ ഇഡി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ വിചാരണ അടുത്തകാലത്തൊന്നും തുടങ്ങാനുള്ള വിദൂരസാധ്യതയില്ലെന്നും ഹൈക്കോടതി ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
14 മാസത്തോളമായി രണ്ടുപേരും റിമാൻഡിൽ തുടരുകയാണ്. ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമുള്ളതായി കണ്ടെത്താനായിട്ടില്ല. അതിനാൽ രണ്ടു പ്രതികൾക്കും ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.