ദേവനന്ദന് തറവാട്ടില്‍ മടങ്ങിയെത്തി; ചേതനയറ്റ്
Wednesday, December 4, 2024 2:50 AM IST
കോട്ടയം: ആലപ്പുഴ ദുരന്തത്തില്‍ പൊലിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥി ബി. ദേവാനന്ദന് (19) ഇന്നു കണ്ണീര്മൊഴി. മുത്തച്ഛനെ കാണാന്‍ ക്രിസ്മസിന് അയര്‍ക്കുന്നം മറ്റക്കരയിലെ അശ്വതിവിലാസം (പൂവക്കുളത്ത്) തറവാട്ടില്‍ എത്തുമെന്ന ഉറപ്പില്‍ ഓണത്തിനു മടങ്ങിയ ദേവനന്ദന് ഇന്നലെത്തിയത് ചേതനയറ്റ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ദേവനന്ദന്റെ മൃതദേഹം മറ്റക്കരയിലെ വീട്ടിലെത്തിച്ചു. നാടൊന്നാകെ തീരാവേദനയോടെ ആശ്വസിക്കാനും ആശ്വാസം നല്‍കാനുമാകാതെ വിതുമ്പി. ദേവാനന്ദന്റെ അച്ഛന് എ.എന്‍. ബിനുരാജ് മലപ്പുറം അറയ്ക്കല്‍ എംഎഎം യുപി സ്കൂളില്‍ അധ്യാപകനാണ്.
അമ്മ ടി.എസ്. രഞ്ജിമോള്‍ കോട്ടയ്ക്കലില്‍ സെയില്‍സ് ടാക്സ് ഓഫീസറാണ്. ജ്യേഷ്ഠസഹോദരന് ബി. ദേവദത്ത് പോണ്ടിച്ചേരി മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷം മെഡിസിനു പഠിക്കുന്നു.
മുപ്പതു വര്‍ഷം മുന്‍പാണ് ബിനുരാജ് അധ്യാപകജോലിക്ക് മലപ്പുറത്തിനുപോയത്. മൂന്നു വര്‍ഷത്തിനുശേഷം റിട്ടയര്‍ ചെയ്യുമ്പോള്‍ മറ്റക്കരയില്‍ വീടുവച്ചു മടങ്ങാന്‍ ആഗ്രഹിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കേ ദേവാനന്ദ് പാലാ ബ്രില്യന്റില് എന്‍ട്രന്‍സ് പരിശീലനം നേടി. ആദ്യ ഉദ്യമത്തില്‍തന്നെ മെഡിസിന് പ്രവേശനം ലഭിക്കുകയും ചെയ്തു. ദേവാനന്ദിന്റെ സംസ്കാരം ഇന്ന് രണ്ടിന് തറവാടു വീട്ടുവളപ്പില്‍.