രണ്ടുപേരുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി
Wednesday, December 4, 2024 2:50 AM IST
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിലൊരാളുടെ നില അതീവഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും മെഡിക്കൽ ബോർഡ് പ്രത്യേകമായി ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പരമാവധി കഴിയാവുന്നതെല്ലാം ചെയ്ത് ചികിത്സയിലുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായാണ് ശ്രമിക്കുന്നത്.
മൂന്നുപേർ വെന്റിലേറ്ററിലാണ്. അവരിലൊരാൾക്ക് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തു. ഒരാൾക്ക് ഒന്നിലധികം ഫ്രാക്ചറുകളുണ്ട്. ആകെ പതിനൊന്നുപേരിൽ അഞ്ചുപേരും ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരിച്ചു.
ഒരാൾക്ക് മറ്റു മുറിവുകളോ പരിക്കുകളോ ഒന്നുമില്ല, പക്ഷേ മെന്റൽ ഷോക്കുണ്ട്. ബ്രെയിൻ സർജറി ചെയ്തയാൾ രാവിലെ കണ്ണുതുറന്നിരുന്നു, അത് പോസിറ്റീവായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.