പുതുസൗഹൃദം പങ്കുവച്ച് പിരിഞ്ഞത് മടക്കമില്ലാത്ത യാത്രയിലേക്ക്
Wednesday, December 4, 2024 2:50 AM IST
അമ്പലപ്പുഴ: അല്പം മുമ്പുവരെ പുതുസൗഹൃദം പങ്കുവച്ചു പിരിഞ്ഞത് എന്നന്നേക്കുമുള്ള യാത്രയാണെന്ന് മറ്റു സഹപാഠികൾ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളുമായി കളിതമാശ പറഞ്ഞിരിക്കുന്നതിനിടെയാണ് സിനിമ കാണാമെന്ന മോഹമുദിക്കുന്നത്. ആ യാത്രയിൽ പൊലിഞ്ഞത് അഞ്ചുപേരുടെ ജീവനാണ്.
സുഹൃത്തുക്കളുമായി വാടക വാഹനത്തിൽ പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ടവേര നിയന്ത്രണം തെറ്റി എതിരേ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറുകയായിരുന്നു. പൂർണമായും തകർന്ന ടവേരയ്ക്കുള്ളിൽപ്പെട്ടവരെ വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നു പേർ മരിച്ചിരുന്നു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുകൂടി ജീവൻ നിലച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായ കണ്ണൂർ വേങ്ങര മുട്ടം പാണ്ട്യാല വീട്ടിൽ അബ്ദുൽ ജബ്ബാർ-ഫാസില ദമ്പതികളുടെ മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ (18), ലക്ഷദ്വീപ് വാഹി ഇച്ചപ്പുര നസീർ പാപ്പേറ്റ്- മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഇക്ബാൽ (19), മലപ്പുറം കോട്ടയ്ക്കൽ ശ്രീവൈഷ്ണവം ബിനുരാജ്-രഞ്ജിമോൾ ദമ്പതികളുടെ മകൻ ദേവനന്ദൻ (18), കുട്ടനാട് കാവാലം നെല്ലൂർ വീട്ടിൽ ഷാജി-ഉഷ ദമ്പതികളുടെ മകൻ ആയുഷ് ഷാജി (20), പാലക്കാട് ശേഖരീപുരം കാപ്സ്ട്രീറ്റ് ശ്രീവിഹാർ ശ്രീവത്സൻ-അഡ്വ. ബിന്ദു ദമ്പതികളുടെ ഏകമകൻ ശ്രീദീപ് ശ്രീവത്സൻ (19) എന്നിവരാണ് മരിച്ചത്.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ലക്ഷ്മിഭവനം ഗൗരീശങ്കർ (18), കൊല്ലം മുത്തൂർ കാർത്തികയിൽ ആനന്ദ് മനു (18), കൊല്ലം പന്മന മുല്ലശേരി വെളുത്തേടത്ത് മേക്കതിൽ മുഹമ്മദ് മുഹ്സിൻ (18), എടത്വ പള്ളിച്ചിറ ആൽബിൻ(20), പുതുക്കുറിച്ചി മരിയനാട് ഷൈൻ ലാൻഡിൽ ഡെന്റ്സന്റെ മകൻ ഷൈൻ ഡെന്റ്സൺ (19),ഷെയിൻ (20), ചേർത്തല മണ്ണുപുറം, മണ്ണുപുറത്ത് വീട്ടിൽ കൃഷ്ണദേവ് (20)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഗൗരീ ശങ്കറാണ് വാഹനം ഓടിച്ചിരുന്നത്.
പരിക്കേറ്റവരിൽ ആൽബിൻ, കൃഷ്ണദേവ് എന്നിവരുടെ നില ഗുരുതരമാണ്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ആൽബിനെ വെന്റിലേറ്ററിലും കൃഷ്ണദേവിനെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.